മേപ്പാടി ടൗണിൽ കുടിവെള്ളം മുട്ടുന്നു
text_fieldsമേപ്പാടി കെ.ബി റോഡ് കുണ്ടിലുള്ള പഞ്ചായത്ത് കിണറ്റിൽ ജലനിരപ്പ് താഴ്ന്ന നിലയിൽ
മേപ്പാടി: മേപ്പാടി ടൗണിൽ കുടിവെള്ള ക്ഷാമം രൂക്ഷം. ചൂരൽമല റോഡ് നവീകരണ പ്രവൃത്തി തുടങ്ങിയതോടെ കഴിഞ്ഞ രണ്ട് മാസത്തോളമായി കെ.ബി റോഡ് ഭാഗത്തേക്കുള്ള പഞ്ചായത്തിന്റെ ജലവിതരണം നിർത്തിവെച്ചിരിക്കുകയാണ്. ബദൽ സംവിധാനമൊരുക്കിയിട്ടുമില്ല. ഇതിനാൽ പ്രദേശത്തുള്ള കുടുംബങ്ങൾ കടുത്ത ജല ക്ഷാമം നേരിടുകയാണ്. എളമ്പിലേരി പുഴയിൽ നിന്ന് പൈപ്പ് വഴി എത്തിക്കുന്ന വെള്ളം വിതരണം ചെയ്യുന്ന പദ്ധതിയെയാണ് പ്രധാനമായും മേപ്പാടി ടൗണിലും പരിസരങ്ങളിലുമുള്ള കുടുംബങ്ങൾ ആശ്രയിക്കുന്നത്.
മേപ്പാടി-ചൂരൽമല റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചതോടെ രണ്ട് മാസമായി കെ.ബി റോഡ് ഭാഗത്തേക്കുള്ള ജല വിതരണം നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിന് നെട്ടോട്ടമോടുകയാണ്. റോഡ് പ്രവൃത്തി കഴിയാതെ ജല വിതരണം പുനസ്ഥാപിക്കാൻ കഴിയില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. സമീപത്തെ വീട്ടുകിണറുകളിൽ നിന്നാണ് പലരും കുടിവെള്ളമെടുക്കുന്നത്. വേനൽകടുത്തതോടെ ഈ സാധ്യതയും കുറഞ്ഞുവരികയാണ്. വില കൊടുത്ത് ടാങ്കറിലാണ് ഹോട്ടലുകളിലേക്ക് വെള്ളമെത്തിക്കുന്നത്.
മേപ്പാടി കെ.ബി റോഡിൽ അഴുക്കുചാലിന്റെ പണി നടക്കുന്ന ഭാഗം
കെ.ബി റോഡ് കുണ്ടിൽ ഉള്ള പഞ്ചായത്ത് കിണറാണ് മറ്റൊരു കുടിവെള്ള സ്രോതസ്സ്. ഈ കിണറിലാകട്ടെ ഒരു ഡസനിലേറെ മോട്ടോറുകൾ സ്ഥാപിച്ചിട്ടുണ്ട്. അവ പ്രവർത്തിക്കുന്നതിനാൽ കിണറിൽ വെള്ളം കുറഞ്ഞിട്ടുണ്ട്. മോട്ടോർ സ്ഥാപിക്കാത്തവർക്ക് ഇതിൽ നിന്ന് വെള്ളമെടുക്കാനും കഴിയുന്നില്ല.
കുടിവെള്ളമെത്തിക്കാൻ ഗ്രാമ പഞ്ചായത്ത് ബദൽ സംവിധാനമുണ്ടാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. വേനൽ ഇത്ര രൂക്ഷമായിട്ടും വെള്ളക്ഷാമം നേരിടുന്ന കുടുംബങ്ങൾക്ക് ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കാൻ ഗ്രാമ പഞ്ചായത്തധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതി ഉയർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.