വാസയോഗ്യമല്ലാത്ത ഭൂമിയിൽ ദുരിത ജീവിതവുമായി ജനങ്ങൾ; മാറ്റി പാർപ്പിക്കാനുള്ള ഭൂമിയിലും അടിസ്ഥാന സൗകര്യങ്ങൾ കുറവ്
text_fields1. മേപ്പാടി കുന്നമംഗലംവയലിൽ ഭൂമി ഇടിഞ്ഞുതാഴ്ന്ന നിലയിൽ 2. കുന്നമംഗലംവയൽ പ്രദേശം 3. 2009ൽ ഇടിഞ്ഞുതാഴ്ന്ന കുന്നമംഗലംവയലിലെ സ്വകാര്യ വ്യക്തിയുടെ ഭൂമി
മേപ്പാടി: ചെമ്പ്ര മലകളിൽനിന്നു വരുന്ന മഴവെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ല. കൈത്തോടുകൾ നിറഞ്ഞ് ഗതി മാറി ഒഴുകുന്നു. കുന്നമംഗലംവയൽ പ്രദേശത്തെ കുടുംബങ്ങൾ ദുരിതത്തിലാണ്. പ്രദേശം വാസയോഗ്യമല്ലെങ്കിലും ഇവിടെ താമസിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല അവർക്ക്.മഴ പെയ്താൽ തോടുകൾ കവിഞ്ഞൊഴുകി മണ്ണിടിഞ്ഞ് കൃഷിഭൂമിയുടെ വിസ്തൃതി അനുദിനം കുറയുന്നു. 2009ൽ മഴക്കാലത്ത് കുന്നമംഗലംവയൽ പ്രദേശത്തെ കുറേ ഭാഗങ്ങൾ ഇടിഞ്ഞ് താഴ്ന്നുപോയിരുന്നു. പ്രദേശത്തെ ഏതാനും കിണറുകളും ഇടിഞ്ഞു. ഇത് ജനങ്ങളെ ഭീതിയിലാഴ്ത്തി.
നാട്ടുകാരുടെ നിരന്തര ശ്രമങ്ങൾക്കൊടുവിൽ ഇത്തരം സംഭവങ്ങളുടെ കാരണം കണ്ടെത്താൻ അന്നത്തെ സർക്കാർ തിരുവനന്തപുരത്തുനിന്ന് ഭൗമ ശാസ്ത്ര സംഘത്തെ നിയോഗിച്ചു. പഠനം നടത്തിയ അവർ പറഞ്ഞത് ഭൂമിക്കടിയിലെ പൈപ്പിങ് (ടണൽ) പ്രതിഭാസം മൂലമാണിത് സംഭവിക്കുന്നതെന്നാണ്. ഇതു സംബന്ധിച്ച റിപ്പോർട്ട് ശാസ്ത്രജ്ഞരുടെ സംഘം സർക്കാറിന് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിന്റെ പകർപ്പ് മേപ്പാടി ഗ്രാമപഞ്ചായത്തിനും നൽകി. 200 ലധികം കുടുംബങ്ങൾ താമസിക്കുന്ന കുന്നമംഗലംവയൽ പ്രദേശം സുരക്ഷിത ജനവാസത്തിനു പറ്റിയ ഇടമല്ലെന്നാണ് ഭൗമ ശാസ്ത്ര സംഘത്തിന്റെ പഠന റിപ്പോർട്ടിലുള്ളത്.
മാറ്റിപ്പാർപ്പിക്കാനുള്ള ഭൂമിയിൽ വഴിയും വെള്ളവുമില്ല
കുന്നമംഗലംവയൽ പ്രദേശം സുരക്ഷിതമല്ലെന്ന ഭൗമ ശാസ്ത്ര സംഘത്തിന്റെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തുനിന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാൻ മുക്കംകുന്നിൽ 12 ഏക്കർ ഭൂമി സർക്കാർ വിലക്ക് വാങ്ങി. ഒരു കുടുംബത്തിന് എട്ട് സെന്റ് വീതം കൈവശരേഖ നൽകുകയും ചെയ്തു. എന്നാൽ വീട്, വഴി, കുടിവെള്ളം, വൈദ്യുതി മുതലായ അടിസ്ഥാന സൗകര്യങ്ങളില്ല എന്ന കാരണത്താൽ ആരും അവിടെ പോയി താമസിക്കാൻ തയാറായില്ല. ആ ഭൂമി ഇപ്പോഴും ഉപയോഗശൂന്യമായി കിടക്കുകയാണ്. മണ്ണിടിച്ചിൽ ഭീഷണിയുടെ നിഴലിൽ കുന്നമംഗലംവയൽ പ്രദേശത്തെ കുടുംബങ്ങൾ പഴയ സ്ഥലത്തുതന്നെ തുടർന്നും താമസിക്കുകയാണ്. ചെമ്പ്ര മലമുകളിൽ നിന്നൊഴുകിയെത്തുന്ന മഴവെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതിന്റെ പ്രശ്നവും പ്രദേശത്തുകാരെ വലക്കുന്നു. തോടുകൾ കര കവിഞ്ഞൊഴുകി പലരുടെയും സ്ഥലത്തിന്റെ അതിരുകൾ ഇടിഞ്ഞ നിലയിലാണ്.
തോടിന്റെ രണ്ടു വശവും കല്ലുകൊണ്ട് കെട്ടിയോ കോൺക്രീറ്റ് ചെയ്തോ ഭീഷണി ഒഴിവാക്കണമെന്നതാണ് ഈ കുടുംബങ്ങളുടെ ആവശ്യം. ഇതിനായി ദുരന്ത നിവാരണ നിധിയിൽനിന്ന് ഫണ്ട് അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രദേശത്തുകാർ ഒപ്പിട്ട പരാതി ഗ്രാമപഞ്ചായത്ത്, സ്ഥലം എം.എൽ.എ, ജില്ല കലക്ടർ എന്നിവർക്ക് സമർപ്പിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.