ലക്ഷങ്ങളുടെ വീട്ടി മരം നശിക്കുന്നു
text_fieldsഊട്ടി-ചുണ്ടേൽ പ്രധാന പാതക്കരികിൽ മേപ്പാടി കോട്ടനാട് 46ൽ നശിക്കുന്ന വീട്ടിമരങ്ങൾ
മേപ്പാടി: ഊട്ടി-ചുണ്ടേൽ പ്രധാന പാതക്കരികിൽ കോട്ടനാട് 46ൽ മുറിച്ചിട്ട ലക്ഷങ്ങൾ വിലമതിക്കുന്ന കൂറ്റൻ വീട്ടി മരം ചിതലെടുത്ത് നശിക്കുന്നു. നാലുവർഷം മുമ്പ് മുറിച്ചിട്ട മരം അവിടെനിന്ന് നീക്കം ചെയ്യാനോ ലേലംചെയ്ത് ഖജനാവിലേക്ക് മുതൽക്കൂട്ടാക്കാനോ പൊതുമരാമത്ത്, വനം വകുപ്പുകൾ നടപടി സ്വീകരിക്കുന്നില്ല. പ്രധാന പാതക്കരികിൽ കിടക്കുന്ന മരക്കഷണങ്ങൾ വാഹനാപകട ഭീഷണി ഉയർത്തുന്നുവെന്നും ആക്ഷേപമുണ്ട്.
കടപുഴകി വീണ് അപകടത്തിനിടയാക്കുമെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്ന് നാല് വർഷം മുമ്പാണ് പൊതുമരാമത്ത് വകുപ്പ് കൂറ്റൻ വീട്ടിമരം മുറിച്ചിട്ടത്. കഷണങ്ങളാക്കി റോഡരികിൽത്തന്നെ ഇടുകയായിരുന്നു. മരങ്ങൾ പാതക്കരികിൽകിടന്ന് ചിതലെടുത്ത് നശിക്കുന്ന അവസ്ഥയാണ്. തിരക്കുള്ള പ്രധാന പാതക്കരികിലായതിനാൽ വാഹനാപകടങ്ങൾക്കും മരത്തടികൾ കാരണമാകുന്നുണ്ട്. മരം ഇവിടെനിന്ന് നീക്കി, ലേലം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ സംഘടനകളും വ്യക്തികളും പൊതുമരാമത്ത്, റവന്യൂ, വനം അധികൃതർക്ക് നിവേദനങ്ങൾ നൽകിയിട്ടുമുണ്ട്.
കരാറുകാർ മരം നീക്കുന്നതിന് അധിക കൂലി ചോദിച്ചതാണ് തടസ്സമായതെന്ന് പൊതുമരാമത്ത് വകുപ്പധികൃതർ പറയുന്നു. വീട്ടിയായതിനാൽ ലേലം ചെയ്യേണ്ടത് വനം വകുപ്പാണ്. ലേലംചെയ്ത് വിറ്റാൽ ലക്ഷങ്ങൾ പൊതു ഖജനാവിലെത്തുമായിരുന്നിട്ടും അധികൃതർക്ക് അനക്കമില്ല. വർഷങ്ങളായിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിനാൽ പ്രതിഷേധമുയർന്നിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.