എന്നും രാത്രി വീട്ടുമുറ്റത്ത് കാട്ടാനകൾ; ഉറക്കമില്ലാതെ പൂളക്കുന്ന് നിവാസികൾ
text_fieldsഎരുമക്കൊല്ലി പൂളക്കുന്നിലെ വീട്ടുമുറ്റത്തെത്തിയ കാട്ടാന നശിപ്പിച്ച കാർഷിക വിളകൾ
മേപ്പാടി: പുറത്തിറങ്ങാനും ഉറങ്ങാനും കഴിയാതെ പേടിച്ചുവിറച്ച് മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് പ്രദേശത്തെ 40ലധികം കുടുംബങ്ങൾ. മാസങ്ങൾക്ക് മുമ്പാണ് ഇവിടെ ഒരാൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തുടർന്നും പ്രദേശത്ത് കാട്ടാനകൾ എത്താത്ത ദിവസങ്ങളില്ലെന്ന് നാട്ടുകാർ പറയുന്നു.
ദിനേന വൈകീട്ട് അഞ്ചുമണി കഴിയുമ്പോഴേക്കും പ്രദേശത്തേക്ക് ഒറ്റയായും കൂട്ടമായും കാട്ടാനകളെത്തും. വീട്ടുപരിസരങ്ങളും കാർഷിക വിളകളുമെല്ലാം ചവിട്ടിമെതിച്ച് പിറ്റേന്ന് പുലർച്ച അഞ്ചുവരെ ആനകൾ പ്രദേശത്തുതന്നെ നിലയുറപ്പിക്കും. തെങ്ങ്, കവുങ്ങ്, വാഴകൾ, ഏലം, മുളകൾ, പ്ലാവ്, മാവ്, എല്ലാം ഇതിനകം നശിപ്പിച്ചിട്ടുണ്ടാകും. തൊടികളിലും റോഡിലുമെല്ലാം ആനകളുടെ സാന്നിധ്യമുണ്ടാകും എന്നതിനാൽ പേടിച്ചുവിറച്ചാണ് പുറമെ ജോലിക്ക് പോയവരൊക്കെ രാത്രി തിരികെ വീടുകളിലേക്കെത്തുന്നത്.
ആനകൾ കുടിവെള്ള വിതരണ പൈപ്പുകളൊക്കെ തകർത്തതിനാൽ തോട്ടം തൊഴിലാളി കുടുംബങ്ങൾക്കടക്കം കുടിവെള്ളത്തിനായി അലയേണ്ടി വരുന്നു. പ്രായമായവരും രോഗികളുമൊക്കെ പല വീടുകളിലുമുണ്ട്. ഓട്ടോറിക്ഷകൾപോലും ആനകളെ ഭയന്ന് ഇവിടേക്ക് വരില്ല.
മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലെ കാട്ടാനശല്യം വാർത്തയല്ലാതായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വിവരമറിയിച്ചാൽ വനപാലകർപോലും ശ്രദ്ധിക്കാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. അധികൃതരുടെ പ്രഖ്യാപനങ്ങളല്ലാതെ കാട്ടാന പ്രതിരോധ നടപടികളൊന്നുമുണ്ടാകാത്തതാണ് കാട്ടാനശല്യം വർധിക്കാൻ കാരണം. സ്വൈരമായി പ്രദേശത്ത് ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നാണ് പൂളക്കുന്നിലെ കുടുംബങ്ങളുടെ ആവശ്യം.
മൂടക്കൊല്ലിയിലെ കാട്ടാനകളെ തുരത്താൻ കുങ്കിയാനകളെത്തി
സുൽത്താൻബത്തേരി: പൂതാടി പഞ്ചായത്തിലെ മൂടക്കൊല്ലി, വാകേരി, രണ്ടാം നമ്പര്‍, ഗാന്ധിനഗര്‍ പ്രദേശങ്ങളിൽ തമ്പടിക്കുന്ന കാട്ടാനകളെ തുരത്താൻ കുങ്കിയാനകളെത്തി. പ്രമുഖ, ഭാരത് എന്നീ ആനകളെയാണ് മൂടക്കൊല്ലിയിൽ എത്തിച്ചത്. മുത്തങ്ങ ആന ക്യാമ്പിൽനിന്ന് പ്രമുഖയെ എത്തിച്ചത് ബുധനാഴ്ചയാണ്. വെള്ളിയാഴ്ച ഉച്ചക്ക് ഭാരതിനെയും എത്തിച്ചു. കാട്ടാനകളെ കാട്ടിലേക്ക് കയറ്റിവിടുകയാണ് കുങ്കിയാനകളുടെ ലക്ഷ്യം. ശനിയാഴ്ചയാണ് ദൗത്യം തുടങ്ങാൻ ഉദ്ദേശിക്കുന്നതെന്ന് വനം അധികൃതർ പറഞ്ഞു.
കാട്ടാനകളെ തുരത്താൻ എത്തിച്ച കുങ്കിയാനകളിലൊന്ന്
ചെതലയം കാട്ടിൽനിന്ന് മുടക്കൊല്ലി ജനവാസകേന്ദ്രത്തിൽ നാല് ആനകളാണ് എത്തിയിട്ടുള്ളത്. ചൊവ്വാഴ്ച രാത്രിയാണ് റോഡിലൂടെ നടന്നുപോവുകയായിരുന്ന അഭിലാഷ് എന്ന യുവാവിനെ കാട്ടാന ആക്രമിച്ചത്. ഒരു ഓട്ടോറിക്ഷ തകർക്കുകയും ചെയ്തു.
ഇതോടെ ജനം രോഷാകുലരായി. തുടർന്നാണ് കുങ്കിയാനകളെ എത്തിച്ച് കാട്ടാനകളെ കാട്ടിലേക്ക് തുരത്താൻ വനം വകുപ്പ് ശ്രമം തുടങ്ങിയത്. ഒന്നരവർഷം മുമ്പ് പ്രജീഷ് എന്ന യുവാവിനെ കടുവ കൊന്നുതിന്ന സ്ഥലത്തിന് അൽപം അകലെയാണ് കാട്ടാന അഭിലാഷിനെ ആക്രമിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.