ഓൺലൈൻ തട്ടിപ്പ്; നൈജീരിയൻ സ്വദേശിക്ക് 12 വർഷം തടവും 17 ലക്ഷം പിഴയും
text_fieldsകൽപറ്റ: കൽപറ്റ സ്വദേശിയായ യുവതിക്ക് കാനഡയിൽ മെഡിക്കൽ കോഡർ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി 18 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശിയെ കൽപറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിവിധ വകുപ്പുകളിലായി 12 വർഷം തടവിനും 17 ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചു.
കാനഡ, യു.കെ രാജ്യങ്ങളുടെ മൊബൈൽ നമ്പർ വഴി യുവതിയെ ബന്ധപ്പെട്ട് പണം തട്ടിയ ഇക്കെണ്ണ മോസസിനാണ് (28) ശിക്ഷ. 2023 ഡിസംബറിൽ ബംഗളൂരുവിൽനിന്ന് വയനാട് സൈബർ പൊലീസ് ഇൻസ്പെക്ടർ ഷജു ജോസഫും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ജാമ്യത്തിനായി പ്രതി ഹൈകോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം നിഷേധിച്ച് വിചാരണ തുടരാൻ ഉത്തരവിടുകയായിരുന്നു.
പിഴയായി വിധിച്ച പണം പരാതിക്കാരിക്ക് നൽകാനും തടവ് ശിക്ഷ ഒരുമിച്ചു അനുഭവിച്ചാൽ മതിയെന്നും ഉത്തരവിൽ പറയുന്നു. സൈബർ സാങ്കേതിക തെളിവുകൾ ഹാജരാക്കിയാണ് കേസ് തെളിയിച്ചത്. സംസ്ഥാനത്ത് വിദേശി പൗരൻ സൈബർ തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെടുന്നത് അപൂർവമാണ്. പ്രോസിക്യൂഷന് വേണ്ടി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ എം.എ. നൗഷാദ്, അസി. പ്രോസിക്യൂട്ടർമാരായ കെ.ആർ. ശ്യാം കൃഷ്ണ, അനീഷ് ജോസഫ് എന്നിവർ ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.