ബസ് സ്റ്റാൻഡിനുള്ളിൽ സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിങ്; പ്രതിഷേധവുമായി ബസ് ജീവനക്കാർ
text_fieldsപടിഞ്ഞാറത്തറ ബസ് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ്ങിനായി ഒരുക്കിയ സ്ഥലം
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ബസ് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിങ് അനുവദിച്ചത് വിവാദത്തിൽ. ബസ് സ്റ്റാൻഡ് സ്ഥലം സ്വകാര്യ പാർക്കിങ്ങിന് മാറ്റിവെച്ച പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച സ്വകാര്യ ബസുകളൊന്നും സ്റ്റാൻഡിൽ കയറിയില്ല.
ഇനി മുതൽ ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാതെ പുറത്തുനിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുമെന്ന് സംയുക്ത തൊഴിലാളി യൂനിയൻ അറിയിച്ചു. ഏറെ നാളായി ബസ് സ്റ്റാൻഡിൽ ബസുകൾക്ക് മതിയായ സൗകര്യം ലഭ്യമല്ലാത്തതിനെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നു. ബസ് സ്റ്റാൻഡിന്റെ ഒരു ഭാഗം സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാനായി പഞ്ചായത്ത് നീക്കിവെച്ചതോടെ നിരവധി ബസുകൾക്ക് സ്റ്റാൻഡിൽ പ്രവേശിക്കാനും യാത്രക്കാരെ കയറ്റാനും ഇറക്കാനും കഴിയുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.
ഇത് യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ബസ് ജീവനക്കാരും ഉടമകളും പഞ്ചായത്തിലും പടിഞ്ഞാറത്തറ പൊലീസിലും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധ സൂചകമായി ബസുകൾ സ്റ്റാൻഡിൽ കയറാതെ പുറത്തുനിർത്തി സർവിസ് നടത്താൻ തീരുമാനിച്ചത്.
അതേസമയം, പഞ്ചായത്ത് ബസ് സ്റ്റാൻഡിനുള്ളിൽതന്നെയുള്ള സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ചെറിയൊരു സ്ഥലം മാത്രമാണ് ഉപയോഗിക്കാൻ തീരുമാനിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
സ്ഥാപനങ്ങൾക്ക് വാഹന പാർക്കിങ് സൗകര്യം ഒരുക്കുമെന്ന പഞ്ചായത്തിന്റെ നേരത്തേയുള്ള വാഗ്ദാനം പാലിക്കാത്തതിനെതിരെ വ്യാപാരികൾ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രശ്നം ശാശ്വതമായി പരിഹരിക്കാനാണ് ബസ് സ്റ്റാൻഡിന്റെ ചെറിയ സ്ഥലം സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ്ങിന് മാറ്റിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.