Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightpanamaramchevron_rightവന്യമൃഗശല്യം രൂക്ഷം;...

വന്യമൃഗശല്യം രൂക്ഷം; നടപടിയെടുക്കാതെ അധികൃതർ

text_fields
bookmark_border
wild elephant attack
cancel
camera_alt

representational image

പനമരം: പനമരം, പുൽപള്ളി പഞ്ചായത്തുകളിൽ വന്യമൃഗശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം. രണ്ടു പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന വട്ടവയൽ, കല്ലുവയൽ, നീർവാരം, അമ്മാനി, പാതിരിയമ്പം പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന വന്യമൃഗശല്യവുമായി ബന്ധപ്പെ ഒട്ടേറെ പരാതികൾ നൽകിയെങ്കിലും പ്രശ്നപരിഹാരത്തിനാവശ്യമായ ഇടപെടലുകൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

പുതുതായി നിർമാണം ആരംഭിക്കുന്ന ക്രാഷ് ഗാർഡ് വേലിയുടെ പ്രവൃത്തികൾക്കായി നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വൈദ്യുതി വേലിയും കിടങ്ങുകളും 2023 സെപ്റ്റംബറിൽ സൈറ്റ് ക്ലിയറിങ്ങിനു വേണ്ടി ഒഴിവാക്കിയിരുന്നു. ഇതു കാരണം ഈ പ്രദേശങ്ങളിൽ മുമ്പെങ്ങുമില്ലാത്തവിധം ആന ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം വലിയതോതിൽ വർധിച്ചിട്ടുണ്ട്.

പുതുതായി നടപ്പാക്കാൻ പോകുന്നു എന്ന് പറയപ്പെടുന്ന ക്രാഷ് ഗാർഡ്/വൈദ്യുതി വേലിയുമായി ബന്ധപ്പെട്ട് നിലവിൽ ഉണ്ടായിരുന്ന വന്യമൃഗ പ്രതിരോധ സംവിധാനമായ കിടങ്ങ് നികത്തിയതും പ്രവർത്തനക്ഷമമായിരുന്ന വൈദ്യുതി വേലി ഒഴിവാക്കിയതുമാണ് ഈ പ്രദേശത്ത് ഇപ്പോൾ ആനശല്യം വർധിക്കാൻ കാരണം.

ചൊവ്വാഴ്ച പുലർച്ച മൈസൂരുവിലേക്ക് റെയിൽവേ ബോർഡിന്റെ പരീക്ഷ എഴുതുന്നതിനായി ബസ് കയറാൻ പോകവേ നീർവാരം സ്വദേശിയായ സത്യജ്യോതിയും കൂടെ പോയ പിതാവും പനമരം-ദാസനക്കര റോഡിൽ അമ്മാനിക്കവലക്ക്‌ സമീപംവെച്ചാണ് ആനയുടെ മുന്നിൽപെട്ടത്. തൊട്ടടുത്ത അമ്മാനി വനമേഖലയിൽനിന്നുമാണ് ആന ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ക്രാഷ് ഗാർഡ് വേലിക്കുവേണ്ടി നിലവിലുണ്ടായിരുന്ന പ്രതിരോധ സംവിധാനങ്ങൾ തകർക്കപ്പെട്ടതിനാൽ ആനക്ക് പ്രയാസമില്ലാതെ ജനവാസ മേഖലയിലേക്ക് ഇറങ്ങിവരാൻ സാധിക്കും.

പ്രദേശത്തെ ജനജീവിതത്തെയും കൃഷിയെയും സാരമായി ബാധിക്കുന്ന വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് 2024 മുതൽ പല തവണയായി ബന്ധപ്പെട്ട അധികാരികൾക്ക് പരാതികൾ നൽകിയിരുന്നു. 2024 ഫെബ്രുവരി 21, ജൂലൈ 23, 2025 ഫെബ്രുവരി 12, മേയ്‌ 21, 23 എന്നീ തീയതികളിൽ നീർവാരം പ്രദേശത്തെ വന്യജീവി ശല്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും ജില്ല കലക്ടർക്കും പരാതി നൽകിയിരുന്നു. കൂടാതെ വനം ഉദ്യോഗസ്ഥർക്കും പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

വന്യജീവി ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും ജില്ല ദുരന്ത നിവാരണ അതോറിറ്റിക്കും നീർവാരം സ്വദേശിയായ ദിലീപ് കുമാറാണ് പരാതി നൽകിയത്. എന്നാൽ, പ്രശ്നപരിഹാരത്തിന് ജരു ഇടപെടലും വനം വകുപ്പിന്റെയും സർക്കാറിന്റെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

ക്രാഷ് ഗാർഡ് വേലിയുടെ പ്രവൃത്തികൾക്ക് രണ്ടുതവണ കരാറുകാരന് കാലാവധി നീട്ടിനൽകിയിട്ടുണ്ട്. ഇനിയും നിർദിഷ്ട പ്രവൃത്തിയുടെ പകുതിപോലും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. ഈ പ്രവൃത്തി അശാസ്ത്രീയവും പ്രദേശത്തെ ഭൂപ്രകൃതിക്ക് അനുയോജ്യമല്ലാത്തതുമാണെന്ന് തുടക്കം മുതൽ ചൂണ്ടിക്കാട്ടിയിരുന്നു. വനം വകുപ്പിന്റെ രണ്ടു യോഗങ്ങളിൽ ഈ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു.

തകരാറിലാക്കിയ വൈദ്യുതി വേലിയും കിടങ്ങുകളും പുനഃസ്ഥാപിക്കണമെന്ന് 2024ൽ വനം വകുപ്പ് വിളിച്ചുചേർത്ത യോഗത്തിലും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവശ്യങ്ങളും നിർദേശങ്ങളും പരിഗണിക്കാൻപോലും അധികൃതർ തയാറായിട്ടില്ല. 2020ൽ ടെക്നിക്കൽ അനുമതിയും അഡ്മിനിസ്‌ട്രേറ്റിവ് അനുമതിയും ലഭ്യമായിട്ടുള്ള പുതിയ പദ്ധതി അഞ്ചുവർഷത്തോളമായിട്ടും നടപ്പാക്കാൻ സാധിച്ചിട്ടില്ല.

പ്രവൃത്തി തുടങ്ങി രണ്ടുതവണ കാലാവധി ദീർഘിപ്പിച്ചുനൽകിയിട്ടും പൂർത്തീകരിക്കാൻ കാരാറുകാരൻ നടപടി സ്വീകരിക്കുന്നുമില്ല. പ്രവൃത്തിയുടെ നിർവഹണത്തിൽ തുടർച്ചയായി വീഴ്ച വരുത്തുന്ന നിർവഹണ ചുമതലയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാരനെതിരെയും സർക്കാർ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panamaramWayanad NewsWild animalWild Elephant
News Summary - Wild animal attack in wayanad
Next Story