ചൂരൽമല റോഡുപണി ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധം
text_fieldsമന്ദഗതിയിലായ മേപ്പാടി-ചൂരൽമല റോഡ് നവീകരണ പ്രവൃത്തി
മേപ്പാടി: ചൂരൽമല-മേപ്പാടി റോഡ് നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. 2018 നവംബറിൽ ടെന്റർ ചെയ്ത് ആരംഭിച്ച റോഡ് പ്രവൃത്തി പൂർത്തീകരിക്കാതെ മുടങ്ങി. ആകെയുള്ള ദൂരം 12.8 കി.മീറ്ററിൽ പലയിടങ്ങളിലായി അഞ്ച് കി.മീറ്ററോളം ടാറിങ് പ്രവൃത്തി നടന്നിരുന്നു. ഒമ്പത് മീറ്റർ വീതിയിൽ ടാറിങ്ങും ഇരുവശങ്ങളിലുമായി മൂന്നു മീറ്റർ ഡ്രെയ്നേജും നടത്താനായിരുന്നു ആദ്യ എസ്റ്റിമേറ്റ്.
എന്നാൽ, എസ്റ്റേറ്റുകൾ സ്ഥലം വിട്ടു കൊടുക്കുന്നതിൽ കാല താമസമുണ്ടായതിനെത്തുടർന്ന് ആദ്യ ടെന്റർ പ്രകാരമുള്ള പ്രവൃത്തി പാതി വഴിയിൽ മുടങ്ങി. ഇതിനിടെ നിരവധി ജനകീയ പ്രക്ഷോഭങ്ങൾ അരങ്ങേറി. ഒടുവിൽ പഴയ കരാർ റദ്ദാക്കി പുതിയ ടെണ്ടർ വിളിച്ചു. കിഫ്ബിയിൽനിന്ന് 26.4 കോടി രൂപ അനുവദിക്കുകയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രവൃത്തി ഏറ്റെടുക്കുകയും ചെയ്തു. നിലവിലുള്ള ഏഴു മീറ്റർ വീതിയിൽ ടാറിങ് നടത്താനായിരുന്നു തീരുമാനം.
2024 ഫെബ്രുവരിയിൽ ഊരാളുങ്കൽ സൊസൈറ്റി പ്രവൃത്തി ആരംഭിച്ചു. ഇതിനിടെ എസ്റ്റേറ്റുകൾ റോഡിനാവശ്യമായ ഭൂമി വിട്ടുകൊടുത്തതിനാൽ വീണ്ടും ഒമ്പത് മീറ്റർ വീതിയിൽ ടാറിങ് നടത്താൻ തീരുമാനമുണ്ടായി.തുടക്കത്തിൽ വളരെ വേഗത്തിൽ പ്രവൃത്തികൾ നടത്തിയെങ്കിലും കുറച്ചു നാളായി മന്ദഗതിയിലാണ് പണി നീങ്ങുന്നതെന്ന് ജനകീയ സമര സമിതി ഭാരവാഹികൾ ആരോപിച്ചു.
പലയിടത്തും റോഡ് പൊളിച്ചത് അതേപടി കിടക്കുന്നത് ജനങ്ങൾക്ക് യാത്രാ പ്രശ്നവും സൃഷ്ടിക്കുന്നു. വീണ്ടും പഴയ അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നതെങ്കിൽ വീണ്ടും ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നാണ് ജനകീയ സമരസമിതി നേതാക്കൾ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.