കർണാടക അതിർത്തിയിലെ കർഷകരുടെ പാലിന് മിൽമയുടെ നിയന്ത്രണം
text_fieldsജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളിൽ പാൽ സംഭരണം നിർത്തിയതിനെതിരെ കർണാടക അതിർത്തി ഗ്രാമങ്ങളിലെ കർഷകരുടെ പ്രതിഷേധം
പുൽപള്ളി: കർണാടക അതിർത്തി ഗ്രാമങ്ങളിലെ കർഷകർ കേരളത്തിന്റെ അതിർത്തിയിലെ ക്ഷീരസഹകരണ സംഘങ്ങളിൽ പാൽ നൽകുന്നതിന് മിൽമ വെള്ളിയാഴ്ച മുതൽ നിയന്ത്രണമേർപ്പെടുത്തിയതോടെ ഈ ഗ്രാമങ്ങളിലെ ക്ഷീര കർഷകർ ദുരിതത്തിൽ. കാട്ടിക്കുളം, പെരിക്കല്ലൂർ, കബനിഗിരി എന്നീ ക്ഷീരസംഘങ്ങളിലാണ് കർണാടകയിലെ കർഷകർ പാൽ നൽകിയിരുന്നത്. ഇതിൽ പെരിക്കല്ലൂർ, കാട്ടിക്കുളം ക്ഷീര സംഘങ്ങളിൽ ഏതാനും കർണാടക കർഷകരെ പാൽ നൽകിയിരുന്നുള്ളു.ഏറ്റവും കൂടുതൽ പാൽ (പ്രതിദിനം 500-600 ലിറ്റർ) നൽകിയിരുന്നത് കബനിഗിരി ക്ഷീരസംഘത്തിലുള്ള മച്ചൂർ ഗ്രാമവാസികളായിരുന്നു.
കർണാടക ക്ഷീരസംഘം അധികതരുടെ പരാതിയിൽ മിൽമയുടെ നിർദേശത്തെ തുടർന്ന് വെള്ളിയാഴ്ചമുതൽ കർണാടക കർഷകരുടെ പാൽ സംഭരണം കബനിഗിരി സംഘം നിർത്തി. 30 വർഷത്തോളമായി കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിലെ കർഷകർ കേരളത്തിലാണ് പാൽ നൽകിയിരുന്നത്. കർണാടയിലെ കർഷകരെ ക്ഷീരോൽപാദനത്തിലേക്ക് ആകർഷിക്കുന്നതിനായി കമ്പനിഗിരി ക്ഷീരസംഘം മച്ചൂരിൽ കർണാടക കർഷകരുടെ യോഗം നിരവധി തവണ വിളിച്ചു ചേർത്തിരുന്നു.
പശുക്കളെ വാങ്ങുന്നതിനായി കബനിഗിരി, പെരിക്കല്ലൂർ ക്ഷീര സംഘങ്ങളുടെ ജാമ്യത്തിൽ കർണാടകയിലെ കർഷകർക്ക് കേരളത്തിലെ ബാങ്കുകളിൽനിന്നു വായ്പയും വാങ്ങിനൽകിയിരുന്നു. ഏതു സാഹചര്യത്തിലും ഇവരുടെ പാൽ സംഭരിച്ചു കൊള്ളാമെന്ന് ഉറപ്പും നൽകി. കബരിഗിരി സംഘത്തിന്റെ പ്രോത്സാഹനത്തിൽ മച്ചൂരിലെ 80ൽപരം ചെറുകിട നാമമാത്ര കർഷകർ ക്ഷീരകൃഷിയിലേക്ക് തിരിഞ്ഞിരുന്നു. ഇപ്പോൾ പ്രതിദിനം 50 കർഷകർ 500 മുതൽ 600 ലിറ്റർവരെ പാൽ കബനിഗിരി ക്ഷീരസംഘത്തിൽ നൽകുന്നുണ്ട്.
മച്ചൂരിൽ-ഹൊസൂരു ആലു ഉൽപാദകര മഹിളാ സഹകരണ സംഘം എന്ന പേരിൽ ഒരു ക്ഷീരസംഘം പ്രവർത്തിക്കുന്നുണ്ട്. 2020-21ൽ സുശീല ശിവരാജന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ സംഘത്തിൽ 10 വനിത അംഗങ്ങളാണുള്ളത്. ശരാശരി 25-30 രൂപയാണ് ഒരു ലിറ്റർ പാലിന് ഈ സംഘം നൽകുന്നത്. എന്നാൽ, കേരളത്തിലെ ക്ഷീരസംഘങ്ങൾ ശരാശരി 40-45 രൂപ ലിറ്ററിന് നൽകുന്നുണ്ട്. കേരളത്തിലെ ക്ഷീരസംഘങ്ങൾക്ക് ഇതുമൂലം മറ്റൊരു സാമ്പത്തിക നേട്ടവുമുണ്ട്. കർണാടക കർഷകർക്ക് കേരള കർഷകർക്ക് നൽകുന്ന ബോണസ്, അധിക വില, മറ്റ് ആനുകൂല്യങ്ങൾ ഒന്നും നൽകേണ്ടതില്ല. കേരളത്തിലേതിനെക്കാൾ ഗുണമേന്മ കൂടിയ പാലാണ് കർണാടക കർഷകർ നൽകുന്നതും.
കർണാടകയിലെ ക്ഷീരസംഘത്തിന്റെ കൊള്ളയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച തങ്ങളെ കേരളത്തിലെ ക്ഷീര സംഘങ്ങൾ, മിൽമ എന്നിവർ ചേർന്ന് വഞ്ചിക്കുന്നുവെന്നാണ് കർണാടക കർഷകരുടെ ആരോപണം. വെള്ളിയാഴ്ച രാവിലെ പതിവുപോലെ മച്ചൂര് തോണികടവിൽ പ്രതിഷേധ സൂചകമായി പാലുമായി എത്തിയ കർണാടക കർഷകർ പ്രതിഷേധം രേഖപ്പെടുത്തിയ ശേഷം മടങ്ങിപ്പോയി.പിന്നീട് തങ്ങളുടെ പാലിന് ഉപരോധമേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മച്ചൂരിലെ ക്ഷീരസംഘം ഓഫിസ് കർഷകർ ഉപരോധിച്ചു. ഇതുമൂലം അവിടെയും പാൽ സംഭരണം നടന്നില്ല. പ്രതിദിനം വെറും 20-25 ലിറ്റർ പാലാണ് ആ സംഘത്തിൽ ലഭിക്കുന്നത്.
മിൽമയുടെ നീക്കം മനുഷ്യാവകാശ ലംഘനമാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇന്ത്യയിലെവിടെയും കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കാമെന്നിരിക്കെ ഒരു നദിയുടെ ഇക്കരെ നിന്നും അക്കരക്ക് പാൽ കൊണ്ടുവന്ന് വിൽക്കാൻ പാടില്ലെന്നു പറയുന്നത് നീതിരഹിതമാണെന്ന് കർഷകർ പറയുന്നു.കർണാടകയിൽ നിന്ന് മിൽമ നേരിട്ട് പലപ്പോഴും പാൽ വാങ്ങുന്നുണ്ട്. കർണാടകയിലെ നന്ദിനി അടക്കമുള്ള പല കമ്പനികളും കേരളത്തിൽ പാൽ വിപണനം നടത്തുന്നുമുണ്ട്.ഇതൊന്നും തടയാതെ മിൽമ കർഷകരെ മാത്രം നിരോധിക്കുന്നതിൽ എന്തു ന്യായമാണുള്ളതെന്നും കർഷകർ ചോദിക്കുന്നു. ഇങ്ങനെയെങ്കിൽ കേരളത്തിലെ കർഷകർ കർണാടകത്തിൽ കൃഷിചെയ്യുന്നത് തങ്ങൾക്കും തടയേണ്ടിവരുമെന്നും കർഷകർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.