അമ്മയെ ഇനിയും കണ്ടെത്താനാകാതെ ആനക്കുട്ടി
text_fieldsകഴിഞ്ഞ ദിവസം ചേകാടി സ്കൂളിൽ എത്തിയ ആനക്കുട്ടി കബനി നദികടന്ന് കർണാടകയിൽ എത്തിയപ്പോൾ
പുൽപള്ളി: കഴിഞ്ഞ ദിവസം ചേകാടി സ്കൂളിലടക്കം ‘സന്ദർശനം’ നടത്തിയ ആനക്കുട്ടിയുടെ അമ്മയെ ഇതുവരെ കണ്ടെത്താൻ വനപാലകർക്ക് കഴിഞ്ഞില്ല. ആനക്കുട്ടി കബനി നദി നീന്തിക്കടന്ന് കർണാടകയിൽ എത്തിയിട്ടുണ്ട്. കൂട്ടംതെറ്റി നാട്ടിലെത്തിയ ആനക്കുട്ടി കർണാടക വനം വകുപ്പിന്റെ സംരക്ഷണത്തിലാണ്. കഴിഞ്ഞദിവസം പുൽപള്ളിക്കടുത്ത ചേകാടി ഗവൺമെന്റ് എൽ.പി സ്കൂളിൽ എത്തിയ മൂന്നു വയസ്സ് പ്രായമുള്ള കാട്ടാനക്കുട്ടിയാണ് കബനി നീന്തിക്കടന്ന് കർണാടകയിൽ എത്തിയത്.
ആനക്കുട്ടിയുടെ അമ്മയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇന്നലെയും വനപാലകർ നടത്തിയിരുന്നു. ചേകാടി വനമേഖലയിലാകെ ഇതിനായി തിരച്ചിൽ നടത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആനക്കുട്ടി സ്കൂളിലെത്തിയത്. വനപാലകർ ആനക്കുട്ടിയെ വനത്തിലെ ആനക്കൂട്ടത്തോടൊപ്പം വിട്ടിരുന്നു. ഇക്കൂട്ടത്തിൽ ആനക്കുട്ടിയുടെ അമ്മയുണ്ടെന്ന പ്രതീക്ഷയിലായിരുന്നു ഇത്. ഈ ആനക്കൂട്ടം രാത്രിയോടെ കബനി നീന്തിക്കടന്ന് അയൽ സംസ്ഥാനമായ കർണാടകയിലെ കാട്ടിലേക്ക് പോയിരുന്നു. ഈ ആനക്കൂട്ടത്തോടൊപ്പം കുട്ടിയാനയും പോയതായാണ് കരുതുന്നത്.
കർണാടകയിൽ നിന്നും കടന്നുവന്ന ആനക്കൂട്ടത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയാനയാണ് ഇതെന്നും വനംവകുപ്പ് സംശയിക്കുന്നു. ഒഴുക്കുള്ള കബനി നദി എങ്ങനെ ആനക്കുട്ടി നീന്തിക്കയറി എന്നത് വനപാലകരെയും അത്ഭുതപ്പെടുത്തുകയാണ്. ഡി.ബി കുപ്പ വനമേഖലയിലെ ജനവാസ മേഖലയായ കടഗദ്ധയിലാണ് ആനക്കുട്ടിയെ കർണാടക വനപാലകർ കണ്ടെത്തിയത്. ഇവിടെനിന്ന് ബെള്ള ആന വളർത്തു കേന്ദ്രത്തിലേക്കാണ് ആനക്കുട്ടിയെ കൊണ്ടുപോയത്.
പാലും മറ്റും കൊടുത്താണ് കുട്ടിയെ സംരക്ഷിച്ചുപോരുന്നത്. മുമ്പ് ബെള്ളയിൽ ആനക്കുട്ടികളെ പരിശീലിപ്പിക്കാറുണ്ടായിരുന്നു. ഇപ്പോൾ ഇവിടെ അതില്ല. ആനക്കുട്ടിയുടെ കാര്യത്തിൽ വരുംദിവസങ്ങളിൽ കൃത്യമായ തീരുമാനം എടുക്കുമെന്നാണ് കർണാടക വനപാലകർ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.