ചാത്തമംഗലത്ത് രൂക്ഷമായി കാട്ടാനശല്യം
text_fieldsകാട്ടാന നശിപ്പിച്ച ബേബിയുടെ കൃഷിയിടത്തിലെ വാഴകൾ
പുൽപള്ളി: പഞ്ചായത്തിലെ ചാത്തമംഗലത്ത് കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി നിരവധി കർഷകരുടെ കൃഷി നശിപ്പിച്ചു.
വനാതിർത്തിയിൽ മതിയായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കാത്തതാണ് കാട്ടാനകൾ നാട്ടിലിറങ്ങാൻ കാരണം. വനാതിർത്തിയോട് ചേർന്നുകിടക്കുന്ന ഗ്രാമമാണ് ചാത്തമംഗലം. കഴിഞ്ഞ ദിവസം കൈനിക്കുടിയിൽ ബേബിയുടെ കൃഷിയിടത്തിലെ വാഴകൃഷി പൂർണമായും നശിപ്പിച്ചു.
നൂറോളം വാഴകളാണ് ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കിയത്. ഈ പ്രദേശത്ത് ഇടക്കിടെ കാട്ടാനകൾ ഇറങ്ങി വൻ നാശം ഉണ്ടാക്കാറുണ്ട്. ഇതു സംബന്ധിച്ച് വനപാലർക്ക് നിരവധി പരാതികൾ നൽകിയിട്ടും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. വനാതിർത്തിയിൽ തൂക്ക് വേലി സ്ഥാപിച്ചാൽ വന്യജീവിശല്യം ഇല്ലാതാക്കാൻ കഴിയുമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
മുമ്പുണ്ടായ കൃഷിനാശത്തിന് കർഷകർക്ക് ഇതുവരെയും നഷ്ടപരിഹാരം നൽകിയിട്ടില്ലെന്ന് കർഷകർ പറഞ്ഞു. വന്യജീവിശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.