മിനിറ്റുകളുടെ വ്യത്യാസത്തിൽ ഭീകരാക്രമണത്തിൽനിന്ന് രക്ഷപ്പെട്ട് റംല ടീച്ചറും കുടുംബവും
text_fieldsറംല ടീച്ചറും കുടുംബവും ഭീകരാക്രമണം നടക്കുന്നതിന്റെ 10 മിനിറ്റ് മുമ്പ് കശ്മീരിലെ ബൈസരൺ വാലിയിൽ
കൽപറ്റ: ബൈസരൺവാലി സന്ദർശിച്ച് മടങ്ങി 10 മിനിറ്റിനകം അവിടെ ഭീകരാക്രമണം നടന്നതിന്റെ ഞെട്ടൽ വിട്ടുമാറുന്നില്ല വയനാട് മുട്ടിൽ സ്വദേശിയായ റംല ടീച്ചർക്കും കുടുംബത്തിനും. ഭീകരർ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ വെടിവെപ്പ് നടന്ന തെക്കൻ കശ്മീരിലെ പഹൽഗാമിലെ ബൈസരൺവാലി ഈ കുടുംബം സന്ദർശിച്ചത് ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ്. അവിടെ ഒരു മണിക്കൂറോളം തങ്ങി.
ശേഷം പഹൽഗാമിലേക്ക് മടങ്ങി 10 മിനിറ്റിനകമായിരുന്നു ആക്രമണം. അൽപസമയംകൂടി അവിടെ നിന്നിരുന്നെങ്കിൽ എന്തായിരിക്കും തങ്ങളുടെ അവസ്ഥയെന്നോർത്തുള്ള ആധിയിലാണ് ഇപ്പോഴുമിവർ.മുട്ടിൽ ഡബ്ല്യു.എം.ഒ ഹൈസ്കൂൾ അധ്യാപികയായ കെ. റംലത്ത്, മക്കളായ ബാസിൽ സമാൻ, അംന റയ്യാൻ, സന ഹനാൻ, മരുമക്കളായ തിരൂർ സ്വദേശി ഹുസ്നി മുബാറക്, ഇടുക്കി കട്ടപ്പന സ്വദേശിനി ഫൗസിയ, പേരക്കുട്ടി ഒന്നര വയസ്സുകാരൻ എമിൻ ഇൽഹാൻ എന്നിവരാണ് കഴിഞ്ഞ 19ന് പുലർച്ച 5.30ന് ജമ്മുവിലെ താവി റെയിൽവേ സ്റ്റേഷനിലെത്തിയത്.
തിങ്കളാഴ്ചയാണ് പഹൽഗാമിലെത്താൻ നിശ്ചയിച്ചതെങ്കിലും ചില തടസ്സങ്ങൾ കാരണം ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. രാവിലെ 11ഓടെ അവിടെയെത്തിയപ്പോഴേക്കേും ഗൈഡുകളും കുതിരക്കാരും ഇവരെ പൊതിഞ്ഞു. കുതിരപ്പുറത്ത് കയറി 10 കിലോമീറ്ററോളം ദുർഘടമായ കയറ്റവും കടന്ന് ഒന്നരമണിക്കൂറിന് ശേഷം ഉച്ചക്ക് ഒരു മണിക്ക് ബൈസരൺ വാലിയെന്ന മിനി സ്വിറ്റ്സർലൻഡിലെത്തി. നല്ല തണുപ്പും ഇളം കാറ്റുമായിരുന്നു എതിരേറ്റത്.
മൈതാനത്തിന്റെ ഒരു ഭാഗത്ത് മറച്ചുകെട്ടിയ ചായക്കടയിൽനിന്ന് ലഘു ഭക്ഷണം കഴിച്ചു. കുറെ ഫോട്ടോയെടുത്തു. വെയിലിന് ശേഷം അസഹനീയമായ തണുപ്പുണ്ടായിരുന്നുവെങ്കിലും ആ താഴ്വരയുടെ ഭംഗിയിൽ എല്ലാവരും മതിമറക്കുകയായിരുന്നു. കശ്മീരികളുടെ പരമ്പരാഗത വസ്ത്രം ധരിച്ച് ഫോട്ടോ എടുക്കുകയാണ് മറ്റു സഞ്ചാരികൾ. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മരുമകൻ ഹുസ്നി മുബാറക്കാണ് മടങ്ങാമെന്ന് പറഞ്ഞത്. സാധാരണഗതിയിൽ ഒരു പകൽ മുഴുവൻതന്നെ സഞ്ചാരികൾ ചെലവിടുന്ന താഴ്വരയാണത്.
കുതിരപ്പുറത്ത് കയറി മടക്കയാത്ര തുടങ്ങി 10 മിനിറ്റിനകമാണ് സമീപത്തെ വ്യാപാരികളും കുതിരക്കാരും വെടിവെപ്പ് നടന്നിട്ടുണ്ടെന്ന് പേടിയോടെ പറഞ്ഞത്. മുകളിൽനിന്ന് സഞ്ചാരികൾ ഭയത്തോടെ തിരിച്ചിറങ്ങിയതോടെ കുതിരകൾ തമ്മിൽ കൂട്ടിമുട്ടി. ആദ്യം കേട്ടത് ഒരാൾ മാത്രമാണ് മരിച്ചതെന്നാണ്.
എന്നാൽ, തിരിച്ച് ഹോട്ടൽ മുറിയിൽ എത്തിയപ്പോഴാണ് ഇത്രയധികം പേരെ ഭീകരർ വെടിവെച്ച് കൊന്നുവെന്ന് അറിഞ്ഞത്. ശേഷം, തുടർയാത്രകൾ ഒഴിവാക്കി 23ന് രാവിലെയോടെ 14 മണിക്കൂർ ഓഫ്റോഡിലൂടെ യാത്ര ചെയ്താണ് കുടുംബം ജമ്മുവിലെത്തിയത്. ബൈസരൺവാലിയിൽ അധികം ചെലവിടാതെ പെട്ടെന്ന് മടങ്ങാൻ തങ്ങളെ തോന്നിപ്പിച്ചതിന് ദൈവത്തോട് നന്ദി പറയുകയാണ് കുടുംബം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.