വയനാട്ടിൽ പിതാവിനെയും മകനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
text_fieldsപിടിയിലായ പ്രതികൾ
സുൽത്താൻ ബത്തേരി: പിതാവിനെയും മകനെയും ട്രാവലറിലും ലോറിയിലുമായി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. പൊലീസിന്റെ സമയോചിത ഇടപെടലില്‍ ഇരുവരെയും രക്ഷപ്പെടുത്തി. സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശികളായ വണ്ടിപ്പേട്ട മാന്നുള്ളിയില്‍ പുത്തല്‍പുരയില്‍ വീട്ടില്‍ ശ്രീഹരി (25), എടക്കാട്ടുവയല്‍, മനേപറമ്പില്‍ വീട്ടില്‍ എം.ആര്. അനൂപ് (31), തിരുവാണിയൂര്‍, ആനിക്കുടിയില്‍ വീട്ടില്‍, എല്‍ദോ വില്‍സണ്‍ (27), പെരീക്കാട്, വലിയവീട്ടില്‍, വി.ജെ. വിന്‍സെന്റ് (54), തിരുവാണീയൂര്‍, പൂപ്പളളി വീട്ടില്‍ പി.ജെ. ജോസഫ്, ചോറ്റാനിക്കര, മൊതാലിന്‍ വീട്ടില്‍ സനല്‍ സത്യന് (27), കൊല്ലം, കുണ്ടറ സ്വദേശി രശ്മി നിവാസ്, രാഹുല്‍ (26), തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കുട്ടന്‍താഴത്ത് വീട്ടില്‍, എസ്. ശ്രീക്കുട്ടന് (28) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി ശ്രീഹരി, അനൂപ്, രാഹുല്‍, എല്‍ദോ വില്‍സണ്‍ എന്നിവരെ ലോറിയുമായി താമരശേരി പൊലീസിന്റെ സഹായത്തോടെ താമരശ്ശേരി ടൗണില്‍ നിന്നും വിന്‍സന്റ്, ജോസഫ്, ശ്രീക്കുട്ടന്, സനല്‍ സത്യന് എന്നിവരെ ട്രാവലറുമായി തൃപ്പുണിത്തുറ പൊലീസിന്റെ സഹായത്തോടെ തൃപ്പുണിത്തുറയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. എല്ലാവരെയും റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം അങ്ങാടിപ്പുറം സ്വദേശികളായ പിതാവും മകനും ഹൈദരാബാദിലേക്ക് ലോറിയില്‍ ലോഡുമായി പോകവേയാണ് യുവാക്കള്‍ ട്രാവലറില്‍ പിന്തുടര്ന്ന് വന്ന് കുപ്പാടി നിരപ്പം എന്ന് സ്ഥലത്ത് ട്രാവലറിലും ലോറിയിലുമായി ഇരുവരേയും തട്ടിക്കൊണ്ടുപോയത്.
വാഹനം ഓടിച്ചിരുന്ന ഡ്രൈവറായ പിതാവിനെ ട്രാവലറില്‍ കയറ്റിയും മകനെ ലോറിയില്‍ കയറ്റിയുമാണ് കൊണ്ടുപോയത്. ലോറി ചുരത്തില്‍ തകരാറിലായതിനെ തുടര്‍ന്ന് യുവാക്കള്‍ വെള്ളം കുടിക്കാന്‍ പോയ തക്കത്തിന് മകന് പെട്ടിക്കടയില്‍ സഹായമഭ്യർഥിക്കുകയും അവര്‍ പൊലീസില്‍ അറിയിക്കുകയുമായിരുന്നു. താമരശ്ശേരി പൊലീസ് താമരശ്ശേരി ടൗണില്‍ നിന്ന് ഇവരെ പിടികൂടി. തൃപ്പുണിത്തറ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് മറ്റുള്ളവരേയും പിടികൂടി. പിതാവും ലോറിയുടെ ഷെയര്‍കാരനും തമ്മിലുള്ള സാമ്പത്തിക വിരോധമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പരാതിയില്‍ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.