ഓളം നിലച്ച് കടമാൻ ചിറ; നടപടിയെടുക്കാതെ സ്പോർട്സ് കൗൺസിൽ
text_fieldsസുൽത്താൻ ബത്തേരി: പ്രകൃതിദത്ത നീന്തൽക്കുളമായ കുപ്പാടി കടമാൻ ചിറയോടുള്ള അധികൃതരുടെ അവഗണന തുടരുന്നു. ചിറക്ക് സമീപമുള്ള റവന്യൂ ഭൂമിയിൽ നഗരസഭ അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാൻ ശ്രമം നടത്തുന്നുവെന്നാരോപിച്ച് കോൺഗ്രസ് രംഗത്തുവന്നതോടെയാണ് കടമാൻ ചിറ വീണ്ടും വാർത്തകളിൽ സ്ഥാനം പിടിച്ചത്. അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് നഗരസഭയും വ്യക്തമാക്കി.
മഴക്കാലം തുടങ്ങിയതോടെ ചിറ ജലസമൃദ്ധമാണ്. നീന്തൽ മത്സരങ്ങളോ മറ്റ് ആഘോഷങ്ങളോ കാര്യമായി നടക്കാത്തതിനാൽ അടുത്തകാലത്തായി ചിറ പൊതുവെ സജീവമല്ല. ചുറ്റുമുള്ള ഇരിപ്പിടങ്ങൾ കാടുപിടിച്ച അവസ്ഥയിലാണ്. ചില ശൗചാലയങ്ങൾ ശോചനീയാവസ്ഥയിലാണെങ്കിലും വസ്ത്രം മാറാനുള്ള മുറി നാട്ടുകാരുടെ ഇടപെടലിനാൽ വലിയ കുഴപ്പമില്ലാതെ നിലനിൽക്കുന്നുണ്ട്. എന്നാൽ, പത്തുവർഷം മുമ്പുള്ള ചിറയുടെ രൂപത്തിന് മാറ്റമുണ്ടായിട്ടില്ല.
ഒരുകാലത്ത് നിരവധി ദേശീയ-സംസ്ഥാനതല നീന്തൽ മത്സരങ്ങൾ ഇവിടെ നടന്നിരുന്നു. നിരവധി ദേശീയ, സംസ്ഥാന റെക്കോഡുകളും കിട്ടിയിട്ടുണ്ട്. കേരളത്തിന്റെ വാട്ടർപോളോ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിഭാഗവും ഈ ചിറയിൽ പരിശീലനം നടത്തിയവരാണ്.
ഒരു പതിറ്റാണ്ട് മുമ്പ് നടന്ന അക്വാറ്റിക് ചാമ്പ്യൻഷിപ്പിനു ശേഷമാണ് ഈ നീന്തൽകുളം നോക്കാനാളില്ലാത്ത അവസ്ഥയിലേക്കു മാറിയത്. സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലാണ് കടമാൻ ചിറ. അവർ ചിറയുടെ പുരോഗതിക്കായി കാര്യമായി ഒന്നും ചെയ്യുന്നില്ല. വിട്ടു തന്നാൽ ചിറയുടെ വികസനത്തിനായി കാര്യമായി ഇടപെടുമെന്ന് സുൽത്താൻ ബത്തേരി നഗരസഭ അധികൃതർ പറയുന്നുണ്ട്. ചിറക്ക് ചുറ്റും പൂച്ചെടികൾ, ഡ്രസ്സിങ് റൂം കെട്ടിടത്തിന്റെ പെയ്ന്റിങ്, സാമൂഹികവിരുദ്ധ ശല്യം ഒഴിവാക്കാൻ സി.സി.ടി.വി എന്നിവയൊക്കെ നഗരസഭ കൗൺസിലർ പി. സംഷാദിന്റെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്തിറങ്ങിയതോടെ അടുത്തകാലത്ത് നടപ്പാക്കാൻ കഴിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.