കാട്ടാനശല്യത്തിന് അറുതിയില്ല; വനം വകുപ്പിന്റെ പ്രതിരോധ നടപടികൾ പാളുന്നു
text_fieldsമൂടക്കൊല്ലിയിൽ തങ്ങുന്ന കുങ്കിയാനകളിലൊന്ന്
സുൽത്താൻ ബത്തേരി: പൂതാടി പഞ്ചായത്തിലെ മൂടക്കൊല്ലി, കൂടല്ലൂർ മേഖലകളിലെ കാട്ടാന ശല്യത്തിന് അറുതിയായില്ല. കുങ്കിയാനകളെ എത്തിച്ച് കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്താനുള്ള വനം വകുപ്പ് നടപടികൾ എങ്ങുമെത്താത്ത സ്ഥിതിയാണ്. കഴിഞ്ഞദിവസവും കാട്ടാനകൾ നാട്ടിലിറങ്ങി വലിയ നാശം വരുത്തി.
വ്യാഴാഴ്ച രാത്രിയെത്തിയ കാട്ടാനകൾ അനമൂട്ടിൽ ഗോപി, നെടുമല ശശി, കോട്ടൂർ ബാബു എന്നിവരുടെ കൃഷിയിടങ്ങളിൽ വലിയ നാശമാണ് വരുത്തിയത്. നാല് ആനകളടങ്ങിയ കൂട്ടമാണ് ഈ തോട്ടങ്ങളിൽ ഇറങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. പ്രധാനമായും വാഴ, കവുങ്ങ് എന്നിവയാണ് നശിപ്പിക്കപ്പെട്ടത്. നിരവധി വാഴക്കുലകൾ ചവിട്ടിയരച്ചിട്ടുണ്ട്.
ഒരാഴ്ച മുമ്പ് അഭിലാഷ് എന്ന യുവാവിനെ മൂടക്കൊല്ലിയിൽവെച്ച് കാട്ടാന ആക്രമിച്ചിരുന്നു. അതിനുശേഷമാണ് രണ്ട് കുങ്കിയാനകളെ വനം വകുപ്പ് പ്രദേശത്ത് എത്തിച്ചത്. കുങ്കിയാനകളെകൊണ്ട് ഒരു ദിവസം കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തി. എന്നാൽ, അടുത്ത ദിവസം കാട്ടാനകൾ വീണ്ടും നാട്ടിലെത്തി. കുങ്കിയാനകളും വനം ഉദ്യോഗസ്ഥരും സ്ഥലത്ത് തങ്ങുന്നുണ്ടെങ്കിലും ഒരു പ്രയോജനവുമില്ലാത്ത അവസ്ഥയാണ്.
പാപ്ലശ്ശേരിക്കടുത്ത് ചേലക്കൊല്ലി മുതൽ കൂടല്ലൂർ വരെ കരിങ്കൽ മതിലുണ്ട്. കാട്ടാനകളെ പ്രതിരോധിക്കുന്ന കാര്യത്തിൽ കരിങ്കൽ മതിൽ പ്രയോജനപ്രദമാണ്. തുടർന്ന് ആനക്കുഴി മുതൽ സുൽത്താൻ ബത്തേരി സത്രംകുന്ന് വരെ റെയിൽ വേലിയാണുള്ളത്. റെയിൽ വേലി പലയിടത്തും തകർന്നുകിടക്കുകയാണ്. ഇതിലൂടെ കാട്ടാനകൾ പുറത്തിറങ്ങുന്നു.
ആനക്കുഴിക്കും മൂടക്കൊല്ലിക്കും ഇടയിലുള്ള മൂന്ന് കിലോമീറ്ററോളം ഭാഗത്ത് പ്രതിരോധ സംവിധാനങ്ങളൊന്നുമില്ല. റെയിൽ വേലി നന്നാക്കുന്നതോടൊപ്പം മൂന്നു കിലോമീറ്റർ ഭാഗത്ത് പുതിയ പ്രതിരോധ സംവിധാനങ്ങൾ ഉണ്ടാക്കേണ്ടതും അത്യാവശ്യമാണ്. ഇക്കാര്യം എം.പി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.