കടുവപ്പേടിയിൽ ചീരാൽ; വനം വകുപ്പ് നടപടി ഊർജ്ജിതമാക്കണമെന്ന് ജനം
text_fieldsകർമ്മസമിതി നേതാക്കൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി തൊട്ടാമൂല ഓഫിസിൽ ചർച്ച നടത്തുന്നു
സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ ചീരാൽ, മുണ്ടക്കൊല്ലി എന്നിവിടങ്ങളിലെ കടുവ സാന്നിധ്യത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ. രണ്ടാഴ്ചയിലേറെയായി പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിട്ട്. കാമറയും കൂടും സ്ഥാപിച്ച് കടുവയെ പിടികൂടാനുള്ള നടപടി വനം വകുപ്പ് എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
മുണ്ടക്കൊല്ലി, ആശാരിപ്പടി, വല്ലത്തൂർ തുടങ്ങിയ പ്രദേശങ്ങളിലൊക്കെ ഏതാനും ദിവസങ്ങളായി ഇടക്കിടെ കടുവ എത്തുന്നതായിട്ടാണ് നാട്ടുകാർ പറയുന്നത്. തോട്ടാമൂല ഫോറസ്റ്റ് ഓഫിസിൽ പരാതി പറഞ്ഞിട്ട് കാര്യമില്ലാത്ത അവസ്ഥണെന്ന് നാട്ടുകാർ പറയുന്നു. മേപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഈ പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് നാട്ടുകാർക്ക് വിനയായിട്ടുള്ളത്.
ഒന്നരവർഷം മുമ്പ് ഇവിടെ കടുവ ശല്യം അതിരൂക്ഷമായിരുന്നു. നിരവധി വളർത്തുമൃഗങ്ങളെ കടുവ വക വരുത്തി. തുടർന്ന് നാട്ടുകാർ വലിയ പ്രക്ഷോഭം നടത്തി. ബത്തേരി- നമ്പ്യാർകുന്ന്, ബത്തേരി- ഊട്ടി റോഡുകൾ സ്തംഭിപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭം വനം വകുപ്പിന് ഏറെ തലവേദനയുണ്ടാക്കിയിരുന്നു.
അതിനുശേഷമാണ് ചീരാൽ, പഴൂർ പ്രദേശങ്ങളെ വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിലായി വിഭജിച്ചത്. പഴൂരിൽ ഊട്ടി റോഡരികിലാണ് തോട്ടാമൂല ഫോറസ്റ്റ് ഓഫിസുള്ളത്. ഓഫിസിനു മുമ്പിലെ റോഡിന്റെ അപ്പുറം മേപ്പാടി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരു ഫോറസ്റ്റ് സ്റ്റേഷൻ പരിധിക്ക് കീഴിൽ നാട്ടുകാർ ഒറ്റക്കെട്ടായി സംഘടിക്കാതിരിക്കാനുള്ള ശ്രമമാണ് വനം വകുപ്പ് നടത്തിയതെന്ന് ആക്ഷേപമുയർന്നിരുന്നു.
കഴിഞ്ഞദിവസം നാട്ടുകാരുടെ കർമസമിതി തോട്ടാമൂല ഫോറസ്റ്റ് ഓഫിസിലെത്തി ഇക്കാര്യം പറയുകയുണ്ടായി. തുടർന്ന് മുത്തങ്ങ റേഞ്ച് ഓഫിസർ സഞ്ജയ്കുമാർ, മേപ്പാടി റേഞ്ച് ഓഫിസർ ബിജു, ഡെപ്യൂട്ടി റേഞ്ചർ മുരളീധരൻ, ഫോറസ്റ്റർ പ്രകാശ് എന്നിവർ തോട്ടമൂല ഫോറസ്റ്റ് ഓഫിസിലെത്തി നാട്ടുകാരുമായി ചർച്ച നടത്തി. മുകളിൽനിന്നുള്ള തീരുമാനം അനുസരിച്ച് മാത്രമേ ഫോറസ്റ്റ് സ്റ്റേഷൻ പരിധി മാറ്റാൻ കഴിയുവെന്ന മറുപടിയാണ് നാട്ടുകാർക്ക് ലഭിച്ചത്.
എന്നാൽ ജനങ്ങളുടെ ആശങ്കയകറ്റാനുള്ള നടപടികളുണ്ടാകുമെന്ന് വനം വകുപ്പ് ഉറപ്പുനൽകി. ആർ.ആർ.ടി തിരച്ചിൽ നടത്തും, കാമറകളും കൂടും സ്ഥാപിക്കും തുടങ്ങിയ ഉറപ്പുകൾ കർമസമിതി നേതാക്കൾക്ക് ലഭിച്ചു. സി. ശിവശങ്കരൻ, കെ.ആർ. സാജൻ, എം.എ. സുരേഷ്, പ്രസന്നശശീന്ദ്രൻ, കെ.വി. ക്രിസ്തുദാസ്, എ.കെ. രാജൻ, എം. അജയൻ, എ.ബി. രജീഷ് എന്നിവരാണ് കർമസമിതിക്ക് ചർച്ചയിൽ പങ്കെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.