കടുവ ഭീഷണി; ഗൂഡല്ലൂർ ഹർത്താൽ പൂർണം
text_fieldsഹർത്താലിൽ ഗൂഡല്ലൂർ ഒന്നാംമൈലിൽ കടകൾ അടഞ്ഞുകിടക്കുന്നു, നരഭോജി കടുവയെ കണ്ടെത്താൻ ഡ്രോൺ കാമറ നിരീക്ഷണം നടത്തുന്ന വനപാലക സംഘം
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിൽ രണ്ടുപേരെ കൊന്നുതിന്ന കടുവയെ പിടികൂടണമെന്നും വന്യമൃഗ ഭീഷണി തടയണമെന്നും ആവശ്യപ്പെട്ട് ഭരണകക്ഷി ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളും വ്യാപാരി സംഘടനകളും ട്രേഡ് യൂനിയനുകളും ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. ഗൂഡല്ലൂർ, പന്തല്ലൂർ, മസിനഗുഡി ഉൾപ്പെട്ട ഗൂഡല്ലൂർ നിയമസഭ മണ്ഡലത്തിൽ പ്രഖ്യാപിച്ച 48 മണിക്കൂർ ഹർത്താൽ 24 മണിക്കൂർ പിന്നിട്ടു.
വ്യാഴാഴ്ച രാവിലെ ആറു മുതൽ ശനിയാഴ്ച രാവിലെ ആറുവരെയാണ് കടയടപ്പും പണിമുടക്കും ഉൾപ്പെട്ട ഹർത്താൽ. തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരും പണിമുടക്കി. ഓട്ടോ, ടാക്സി, മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവ നിരത്തിലിറങ്ങാതെ പൂർണപിന്തുണ നൽകി. സ്കൂളുകളും കോളജുകളും തുറന്നെങ്കിലും രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ തയാറായില്ല. അന്തർ സംസ്ഥാന ബസ് സർവിസുകളടക്കം ഓടിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ എന്നിവ തുറന്നു. കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫിസുകൾ പ്രവർത്തിച്ചു. ഹാജർ നില കുറവായിരുന്നു. എവിടെയും അനിഷ്ട സംഭവങ്ങളുണ്ടായില്ല.
ഗൂഡല്ലൂരിലും നാടുകാണി ഭാഗത്തും ടൂറിസ്റ്റ് വാഹനങ്ങൾ പ്രതിഷേധക്കാർ തടഞ്ഞു. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്ക് അഭിഭാഷക സംഘടനയും ഹർത്താലിന് പിന്തുണയുമായി രംഗത്തുണ്ട്.
കടുവ കാണാമറയത്തുതന്നെ; തിരച്ചിൽ തുടരുന്നു
ഗൂഡല്ലൂർ: രണ്ടുപേരെ കൊന്നുഭക്ഷിച്ച നരഭോജി കടുവയെ പിടികൂടാനുള്ള വനപാലകരുടെ ശ്രമം തുടരുന്നതിനിടെ കടുവ കാണാമറയത്തുതന്നെ.
ഓവാലി വനമേഖലയിൽ കടുവയെ പിടിക്കുന്നതിനുള്ള നടപടികളുടെ ഏഴാം ദിവസമായ വ്യാഴാഴ്ച മൃഗഡോക്ടർമാർ, വനം വകുപ്പ് ജീവനക്കാരോടൊപ്പം ഗൂഡല്ലൂർ മല, ദൈവമല, കെവിപാറ, ഗാന്ധിനഗർ എന്നീ ഭാഗങ്ങളിൽ കടുവക്കായി തിരച്ചിൽ നടത്തി. പിന്നീട് ഡ്രോൺ വഴിയും നിരീക്ഷണം നടത്തി. വനപാലകരുടെ നേതൃത്വത്തിൽ ടി.ആർ.സി, ഡെൽ ഹൗസ്, സാണ്ടിഹിൽസ്, ഗ്വിന്റ് എന്നീ ഭാഗങ്ങളിൽ ബോധവത്കരണം നൽകിയതായി ഗൂഡല്ലൂർ ഡി.എഫ്.ഒ അറിയിച്ചു. ഇതിനിടെ ഗൂഡല്ലൂരിന് സമീപം വിമലഗിരി ഭാഗത്ത് ഇറങ്ങിയ കടുവ ആടിനെയും പശുവിനെയും കൊന്നത് ജനങ്ങളെ വീണ്ടും ഭീതിയിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

