കൽപറ്റ പഴയ ബസ് സ്റ്റാൻഡിലെ ശുചിമുറി തുറന്നില്ല; യാത്രക്കാരും കച്ചവടക്കാരും ദുരിതത്തിൽ
text_fieldsകൽപറ്റ പഴയ ബസ് സ്റ്റാൻഡിലെ ശുചിമുറി
കൽപറ്റ: പഴയ ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചതോടെ യാത്രക്കാരും നാട്ടുകാരും ദുരിതത്തിൽ. ദിവസേന നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന പഴയ ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചിട്ടിട്ട് രണ്ടാഴ്ചയായെങ്കിലും തുറക്കാൻ നടപടിയില്ല. ഡ്രെയ്നേജ് നവീകരണത്തിന്റെ ഭാഗമായി സമീപത്തെ ഹോട്ടലുകളും അടച്ചിട്ടതോടെ ദുരിതം ഇരട്ടിയായി.
ശുചിമുറിയിൽനിന്നുള്ള മലിനജലം റോഡിലേക്ക് ഒഴുകുന്നത് വാർത്തയായതോടെയാണ് കൽപറ്റ നഗരസഭക്ക് കീഴിലെ പബ്ലിക് ടോയ് ലറ്റ് അടച്ചിട്ടത്. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കം പെരുവഴിയിലായി. കഴിഞ്ഞ രണ്ടാഴ്ചയായി ഇതേ സ്ഥിതി തുടരുകയാണ്. പഴയ ബസ് സ്റ്റാൻഡിലെത്തുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാരും കച്ചവടക്കാരും പ്രാഥമികാവശ്യം നിർവഹിക്കാൻ നിർവാഹമില്ലാതെ വലയുകയാണ്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ശുചിമുറി തുറന്നു പ്രവർത്തിക്കാൻ നടപടി ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
ടൂറിസ്റ്റുകളടക്കം നൂറുകണക്കിനാളുകൾ പ്രതിദിനം എത്തിച്ചേരുന്ന ജില്ല ആസ്ഥാനത്തെ പ്രധാന ബസ് സ്റ്റാൻഡിനോടു ചേർന്ന ശുചിമുറി അടച്ചിട്ടത് യാത്രക്കാർക്ക് പുറമെ വ്യാപാരികൾക്കും കടുത്ത പ്രയാസമുണ്ടാക്കുന്നുണ്ട്. കോഴിക്കോട് ഭാഗത്തേക്കും ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും പോകുന്ന സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളടക്കം ദിവസേന നൂറുകണക്കിന് വാഹനങ്ങളെത്തുന്ന ബസ് സ്റ്റാൻഡാണ് അത്. ശുചിമുറിയിലെ തകരാറുകൾ പരിഹരിച്ച് അടിയന്തരമായി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.