അപകട ഭീഷണിയായി റോഡരികിലെ മരങ്ങൾ; മുറിക്കാൻ നടപടികളെടുക്കാതെ വനം വകുപ്പ്
text_fieldsചേലക്കൊല്ലി വളവിൽ അപകടകരമായ രീതിയിൽ റോഡിലേക്ക് തള്ളിനിൽക്കുന്ന മരം
ഇരുളം: നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ അപകട ഭീഷണിയുയർത്തി മരങ്ങൾ. ഇരുളം-പാപ്ലശ്ശേരി-മൂന്നാനക്കുഴി റോഡിലാണ് വാഹനങ്ങൾക്ക് ഭീഷണിയായി നിരവധി മരങ്ങളുള്ളത്. ടാറിങ്ങിനോട് ചേർന്ന് മരങ്ങൾ നിൽക്കുന്നത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുകയാണ്.
പാപ്ലശ്ശേരി ഇരുളം റോഡിൽ ചേലക്കൊല്ലി ഭാഗത്താണ് അപകട ഭീഷണിയുയർത്തി കൂടുതൽ മരങ്ങൾ സ്ഥിതി ചെയ്യുന്നത്. മരങ്ങൾ റോഡിലേക്ക് തള്ളി നിൽക്കുന്നത് ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുകയാണ്. ഇതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. കാൽനടയാത്രക്കാർക്കും ഈ മരങ്ങൾ ഭീഷണിയാണ്. മരങ്ങൾ കാരണം വാഹനങ്ങൾ വരുമ്പോൾ വശങ്ങളിലേക്ക് മാറിനിൽക്കാൻ കാൽനടയാത്രക്കാർക്ക് സാധിക്കുന്നില്ല.
വനാതിർത്തിയിലൂടെയാണ് പാപ്ലശ്ശേരി മുതൽ ഇരുളം വരെയുള്ള റോഡിൽ ഏറിയ ഭാഗവും കടന്നുപോകുന്നത്. ഇതിൽ ഏറ്റവും കൂടുതൽ മരങ്ങൾ യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി നിലനിൽക്കുന്നത് ചേലക്കൊല്ലി ഭാഗത്താണ്. ഈ ഭാഗം വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ്.
ഇവിടെ മരം മുറിച്ച് റോഡ് നവീകരിക്കണമെങ്കിൽ വനം വകുപ്പിന്റെ അനുമതിവേണം. അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിരവധി തവണ പരാതി നൽകിയതിനെ തുടർന്ന് കുറച്ച് മരങ്ങൾ മുറിച്ചു നീക്കിയെങ്കിലും കൂടുതൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
റോഡരികിൽ നിലനിന്നിരുന്ന മരങ്ങളിൽ ചിലതെല്ലാം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെടാൻ ഇടയായതോടെയാണ് മരം മുറിച്ചത്. ചേലക്കൊല്ലി വളവിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ അപകടഭീഷണിയായി നിൽക്കുന്ന മരം മുറിച്ച് മാറ്റാൻ ഇതുവരെ നടപടിയായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.