അപകടക്കെണിയൊരുക്കി വിദ്യാലയങ്ങളിലെ പഴയ കെട്ടിടങ്ങൾ
text_fieldsവെള്ളമുണ്ട ഹൈസ്കൂളിലെ പഴയ കെട്ടിടം
വെള്ളമുണ്ട: വിദ്യാർഥികൾക്ക് അപകടക്കെണിയൊരുക്കി വിദ്യാലയങ്ങളിലെ പഴയ കെട്ടിടങ്ങൾ. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലായി നിരവധി കെട്ടിടങ്ങളാണ് കാലപ്പഴക്കത്തിൽ അപകട ഭീഷണിയുയർത്തി നിലനിൽക്കുന്നത്. പുതിയ കെട്ടിടങ്ങൾ നിർമിച്ചപ്പോൾ ഉപേക്ഷിച്ച പഴയ കെട്ടിടങ്ങളാണിവ. പഠനം പുതിയ ക്ലാസ് മുറികളിലേക്ക് മാറിയതോടെ വർഷങ്ങളായി ഈ കെട്ടിടങ്ങളിലേക്ക് ആരും തിരിഞ്ഞു നോക്കാറില്ല.
കാട് മൂടി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രങ്ങളായ ഇത്തരം കെട്ടിടങ്ങൾ പുതിയ കെട്ടിടങ്ങളോടു ചേർന്ന് തന്നെയാണുള്ളത്. വെള്ളമുണ്ട ഹൈസ്കൂളിൽ മാത്രം നിരവധി ക്ലാസ് മുറികളുള്ള മൂന്നിലധികം വലിയ കെട്ടിടങ്ങൾ ഉപേക്ഷിച്ച നിലയിലുണ്ട്.
സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലും ഇത്തരം കെട്ടിടങ്ങൾ നിരവധിയുണ്ട്. പഴയ കെട്ടിടങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയാൻ വേലിയോ മറ്റു സുരക്ഷാ മാർഗങ്ങളോ ഒരു സ്ഥലത്തും ഒരുക്കിയിട്ടില്ല. ഒഴിവു സമയങ്ങളിൽ വിദ്യാർഥികളും രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരും ഈ കെട്ടിടങ്ങളിൽ വന്നിരിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
അപകടം ഉണ്ടാകുമ്പോൾ മാത്രം ഇടപെടുന്നതിന് പകരം അപകട ഭീഷണിയുള്ള കെട്ടിടങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.