ഇ-പാസ് വന്നതോടെ നീലഗിരിയിലേക്ക് സഞ്ചാരികളുടെ വരവ് കുറഞ്ഞു; ദുരിതത്തിലായി സീസൺ കച്ചവടം
text_fieldsഊട്ടിയിൽ അവധിയാഘോഷത്തിനെത്തിയ സഞ്ചാരികൾ
ഗൂഡല്ലൂർ: വിനോദ സഞ്ചാരികളുടെ വാഹനങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഇ-പാസ് സംവിധാനം പ്രതികൂലമായതോടെ നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ വരവ് കുറഞ്ഞു. ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞത് സീസൺ സമയത്തെ വ്യാപാരം ലക്ഷ്യമാക്കിയുള്ള സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി.
വർഷത്തിൽ സീസൺ സമയങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിലും സെപ്റ്റംബർ, ഒക്ടോബർ മാസത്തെ രണ്ടാം സീസണിലുമാണ് നീലഗിരിയിലേക്ക് കൂടുതൽ സഞ്ചാരികളുടെ പ്രവാഹം ഉണ്ടാവാറുള്ളത്. ഈ സമയത്താണ് ജില്ലയിലെ ഹോട്ടൽ, റിസോർട്ട്, ലോഡ്ജ്, കോട്ടേജ് എന്നിവക്ക് അത്യാവശ്യ വരുമാനം ലഭിക്കാറ്. ബാക്കി സമയങ്ങളിലെല്ലാം ആളൊഴിഞ്ഞ നിലയാണ്. എന്നാൽ, ഏപ്രിൽ മാസം മുതൽ ഏർപ്പെടുത്തിയ വാഹന നിയന്ത്രണം വ്യാപാര സ്ഥാപനങ്ങളെയും ടൂറിസ്റ്റ് ഗൈഡുകളെയും പ്രതികൂലമായി ബാധിച്ചു. അവധിക്കാലത്തും ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർധനയില്ല.
ഊട്ടി സീസൺ ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണുള്ളത്. ഏപ്രിൽ ഒന്നുമുതൽ തിരക്ക് നിയന്ത്രിക്കുന്നതിനായി ദിവസേന 6000 വാഹനങ്ങളും ശനി, ഞായർ ദിവസങ്ങളിൽ 8000 വാഹനങ്ങൾക്കുമാണ് അനുമതി നൽകിയിരുന്നത്. പ്രാദേശിക ചരക്ക് വാഹനങ്ങളെല്ലാം ഈ എണ്ണത്തിൽ ഉൾപ്പെടുമെന്നതിനാൽ 6000 വാഹനമെന്നത് പെട്ടെന്നുതന്നെ ബുക്കാവുന്ന അവസ്ഥമൂലം പിന്നീടെത്തുന്നവരെ മടക്കി അയക്കുന്നതാണ് പതിവ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.