ലോക്ഡൗൺ നാലാംദിനത്തിലേക്ക്; അനുമതി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം തടയാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന സമ്പൂർണ ലോക്ഡൗണിൽ നിയന്ത്രണങ്ങള്‍ ലംഘിച്ചവർക്കെതിരെ മൂന്നാംദിവസവും കർശനനടപടി. ഒരുദിവസം മാത്രം 34.62 ലക്ഷം രൂപ പിഴ ഇൗടാക്കി. നിയമലംഘനത്തിന് സംസ്ഥാനത്തൊട്ടാകെ 2779 പേര്‍ക്കെതിരെ കേസെടുത്തു. 1385 പേരെ അറസ്റ്റ് ചെയ്തു. 729 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9938 പേർക്കെതിരെ നടപടിയുണ്ടായി. ക്വാറൻറീൻ ലംഘിച്ചതിന് 18 കേസും റിപ്പോര്‍ട്ട് ചെയ്തു.
അവശ്യസാധനങ്ങൾ വാങ്ങുന്നതിനുൾപ്പെടെ അനുമതിയുണ്ടെങ്കിലും ദുരുപയോഗം ചെയ്താൽ കർശനനടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. അവശ്യസർവിസ് വിഭാഗക്കാർക്ക് സ്ഥാപനത്തിെൻറ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ പാസ് വേണ്ട. ദിവസേന യാത്രചെയ്യേണ്ടിവരുന്ന വീട്ടുജോലിക്കാർ, ഹോംനഴ്സുമാർ, തൊഴിലാളികൾ എന്നിങ്ങനെ സാധാരണഗതിയിൽ തിരിച്ചറിയൽ കാർഡില്ലാത്തവർ അപേക്ഷിച്ചാൽ മുൻഗണനാ അടിസ്ഥാനത്തിൽ പാസ് നൽകും. തൊട്ടടുത്ത കടയിൽനിന്ന് മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറികൾ എന്നിവ വാങ്ങാൻ പോകുമ്പോൾ സത്യവാങ്മൂലം കരുതിയാൽ മതി.
അനുമതി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി –മുഖ്യമന്ത്രി
തിരുവനന്തപുരം: അവശ്യസാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങുന്നതിന് അനുവാദമുണ്ടെങ്കിലും അത് ദുരുപയോഗം ചെയ്യുന്നവർക്കെതിെര കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണം ഉൾപ്പെടെ അത്യാവശ്യകാര്യങ്ങൾക്ക് യാത്ര ചെയ്യാൻ വേഗത്തിൽ അനുമതി നൽകുന്നതിന് സംവിധാനമൊരുക്കും. പ്രധാന റോഡുകളിലെല്ലാം പൊലീസിെൻറ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിനായി ഓൺലൈൻ പാസ് നൽകുന്നുണ്ട്.
പ്രവർത്തനക്ഷമമായി 12 മണിക്കൂറിനകം ഒരു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇത്രയും പാസ് നൽകുന്നത് ലോക്ഡൗണിെൻറ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തും.
യാത്രയുടെ ഉദ്ദേശ്യം ശരിയായി വിലയിരുത്തി ഗൗരവസ്ഥിതി ബോധ്യപ്പെട്ട് മാത്രമേ പാസ് നൽകാവൂ എന്ന് നിർദേശിച്ചിട്ടുണ്ട്.
ഇ-പാസ്: അപേക്ഷിച്ചത് 3.10 ലക്ഷം;നൽകിയത് 32,641 പേർക്ക്
തിരുവനന്തപുരം: അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുള്ള പൊലീസിെൻറ ഓണ്‍ലൈന്‍ ഇ-പാസിന് അപേക്ഷിച്ചത് 3,10,535 പേര്. 32,641 പേര്‍ക്ക് യാത്രാനുമതി നല്കി. 2,21,376 പേര്‍ക്ക് അനുമതി നിഷേധിച്ചു. 56,518 അപേക്ഷകള്‍ പരിഗണനയിലാണ്. അേപക്ഷകൾ കൃത്യമായി പരിശോധിച്ച് നൽകിയാൽ മതിയെന്ന നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി. തിങ്കളാഴ്ച വൈകീട്ട് ഏഴുവരെയുള്ള കണക്കാണിത്.നമ്മുടെ ജീവെൻറ വിലയാണ് ഈ ലോക്ഡൗണിനുള്ളത് എന്നത് മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
റിട്ട. ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിക്കുന്നു
തിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗം പിടിച്ചുനിർത്തുന്നതിന് കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും താൽക്കാലികമായി നിയമിക്കാൻ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. റിട്ടയർ ചെയ്ത ഡോക്ടർമാരെയും അവധി കഴിഞ്ഞ ഡോക്ടർമാരെയും ഇത്തരത്തിൽ ഉപയോഗിക്കും. ഡോക്ടർമാരെയും നഴ്സുമാരെയും ആവശ്യാനുസരണം താൽക്കാലികമായി നിയമിക്കും. പഠനം പൂർത്തിയാക്കിയവരെ സേവനത്തിലേക്ക് കൊണ്ടുവരും. തസ്തിക ഒഴിവുള്ളിടത്ത് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കും. സർക്കാർ വാങ്ങാൻ തീരുമാനിച്ച ഒരു കോടി കോവിഷീൽഡ് വാക്സിനിൽ 3.5 ലക്ഷം ഡോസ് വാക്സിൻ ഗുരുതര രോഗം ബാധിച്ചവർ, വീടുകളിലെത്തുന്ന വാർഡ്തല സമിതികളിലെ സന്നദ്ധപ്രവർത്തകർ, മാധ്യമപ്രവർത്തകർ, സന്നദ്ധസേന വളണ്ടിയർമാർ തുടങ്ങിയ മുൻഗണന ഗ്രൂപ്പുകൾക്ക് ആദ്യഘട്ടമായി നൽകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.