കോടികളുടെ നഷ്ടം; ഇരിങ്ങാലക്കുട ടൗൺ ബാങ്കിന് റിസർവ് ബാങ്കിന്റെ കർക്കശ നിയന്ത്രണം
text_fieldsതൃശൂർ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെയും തിരിമറിയെയും തുടർന്ന് തൃശൂർ ജില്ലയിലെ പ്രധാന സഹകരണ സ്ഥാപനമായ ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന് റിസർവ് ബാങ്ക് കർക്കശ നിയന്ത്രണം ഏർപ്പെടുത്തി. പണം പിൻവലിക്കുന്നതിലടക്കം കടുത്ത നിയന്ത്രണം കൊണ്ടുവന്നതോടെ നിക്ഷേപകർ ആശങ്കയിലാണ്. ഒരാൾക്ക് വിവിധ അക്കൗണ്ടുകളിലായി 10,000 രൂപ മാത്രം പിൻവലിക്കാനാണ് അനുമതിയുള്ളത്.
കോൺഗ്രസ് ഭരിക്കുന്ന ബാങ്ക് നേരത്തേതന്നെ പ്രതിസന്ധിയിലായിരുന്നു. റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതോടെ ജൂലൈ 30 മുതലാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ വാർത്ത പുറത്തുവന്നതോടെ നിരവധി പേരാണ് ബാങ്ക് ആസ്ഥാനത്തേക്കും വിവിധ ശാഖകളിലേക്കും എത്തിയത്. കടുത്ത പ്രതിസന്ധി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ബാങ്ക് മാനേജ്മെന്റുമായി റിസർവ് ബാങ്ക് നേരത്തേ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിൽ ബാങ്ക് പരാജയപ്പെട്ടതോടെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിക്ഷേപകരുടെ പണം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കർക്കശ നടപടി സ്വീകരിച്ചതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് എം.പി. ജാക്സണാണ് മൂന്നു പതിറ്റാണ്ടിലധികമായി ബാങ്കിന്റെ ചെയർമാൻ. ജൂലൈ 30 മുതൽ ആറു മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ബാങ്കിന്റെ ധനസ്ഥിതി മെച്ചപ്പെട്ടാൽ മാത്രം ആറു മാസത്തിനുശേഷം നിയന്ത്രണം ഒഴിവാക്കൽ പുനഃപരിശോധിക്കും.
വായ്പകൾ നൽകുകയോ പുതുക്കുകയോ ചെയ്യുക, പുതിയ നിക്ഷേപങ്ങൾ നടത്തുക, പണം കടം വാങ്ങുകയോ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ ചെയ്യുക, പേമെന്റുകൾ നടത്തുക (മുൻകാല കുടിശ്ശികകൾ തീർക്കാൻ പോലും), സെറ്റിൽമെന്റുകളിൽ ഏർപ്പെടുക അല്ലെങ്കിൽ വിട്ടുവീഴ്ച ചെയ്യുക, ഏതെങ്കിലും വസ്തുവകകളോ ആസ്തികളോ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുക എന്നിവ പാടില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
ഒരാളുടെ പേരിൽ എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും 10,000 രൂപ മാത്രം പിൻവലിക്കാനാണ് അനുമതിയുള്ളത്. ഉപഭോക്താവിന് വായ്പയും നിക്ഷേപവും ഉണ്ടെങ്കിൽ വായ്പക്കെതിരെ റിസർവ് ബാങ്ക് നിശ്ചയിച്ച പ്രത്യേക വ്യവസ്ഥകൾ പ്രകാരം നിക്ഷേപം ക്രമീകരിക്കാൻ കഴിയും. ജീവനക്കാരുടെ ശമ്പളം, വാടക, വൈദ്യുതി ബില്ലുകൾ, മറ്റ് അവശ്യ ബില്ലുകൾ എന്നിവക്ക് നിയന്ത്രണം ബാധകമല്ല. അതേസമയം, നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാവർക്കും തിരികെ നൽകാനുള്ള പണം ബാങ്കിന്റെ കൈവശമുണ്ടെന്നും നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും ബാങ്ക് അധികൃതർ ‘മാധ്യമ’ത്തോട് പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.