സുപ്രീംകോടതി വിധി വെളിച്ചം പകർന്നത് ഒരു നാടിന്റെ പ്രതീക്ഷക്ക്; മഹ്ർ പണയംവെച്ചും ഹജ്ജിന് പോകാനുള്ള പണം നൽകിയുമാണ് സ്കൂളിന് ഭൂമി വാങ്ങിയത്
text_fieldsഎലമ്പ്ര സ്കൂളിനായി നാട്ടുകാർ വാങ്ങിയ സ്ഥലത്ത് കേസിന് നേതൃത്വം നൽകിയ മുഹമ്മദ് ഫൈസിയും വാർഡ് കൗൺസിലർ ചിറക്കൽ രാജനും
മഞ്ചേരി: എലമ്പ്രയിൽ മൂന്നു മാസത്തിനകം എൽ.പി സ്കൂൾ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചപ്പോൾ നാലു പതിറ്റാണ്ട് നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ നീതി ലഭിച്ചതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ. സർക്കാർ സ്കൂൾ എന്ന സ്വപ്നത്തിന് പിന്നിൽ നാട് ഒറ്റക്കെട്ടായി നിന്നു.
1983ലാണ് സ്കൂൾ സ്ഥാപിക്കുന്നതിനായി ഒരേക്കർ സ്ഥലം 20,000 രൂപക്ക് വാങ്ങിയത്. നാട്ടുകാർ പത്തും ഇരുപതും രൂപ വീതം പിരിവ് നൽകി. പരേതനായ ആലക്കത്തൊടി മുഹമ്മദ് ഭാര്യയുടെ മഹ്ർ പണയംവെച്ചും പരേതനായ മമ്മുട്ടി ഹാജി ഹജ്ജിന് പോകാൻ സ്വരൂപിച്ച പണം കൊടുത്തും നാട്ടുകാരുടെ സ്വപ്നങ്ങൾക്കൊപ്പം നിന്നു. പ്രവാസികളും കൈയയച്ച് സഹായിച്ചു. സ്ഥലം വാങ്ങി ബുസ്താനുൽ ഉലൂം മദ്റസയുടെ പേരിൽ രജിസ്റ്റർ ചെയ്തു. അക്കാലത്ത് പ്രദേശത്തിന്റെ പിന്നാക്കാവസ്ഥ കണക്കിലെടുത്താണ് എൽ.പി സ്കൂൾ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത്.
സർക്കാറുകൾക്ക് മുന്നിൽ നാട്ടുകാർ ഇക്കാര്യം ഉന്നയിച്ചു. വിദ്യാഭ്യാസ വകുപ്പിനെയും മനുഷ്യാവകാശ കമീഷൻ, ബാലാവകാശ കമീഷൻ എന്നിവയെയും സമീപിച്ച് ആവശ്യം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറും ഉപജില്ല വിദ്യാഭ്യാസ ഓഫിസറും സ്ഥലം സന്ദർശിച്ച് നിരവധി റിപ്പോർട്ടുകൾ തയാറാക്കി സർക്കാറിന് അയച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ 2015ൽ ഹൈകോടതിയെ സമീപിച്ചു. ഇതിനായി 14 അംഗ ആക്ഷൻ കൗൺസിലിന് രൂപം നൽകി.
ചെയർമാനായ എലമ്പ്ര തേനത്ത് മുഹമ്മദ് ഫൈസി കേസിന് നേതൃത്വം നൽകി. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഹൈകോടതി മൂന്നു മാസത്തിനുള്ളിൽ സ്കൂൾ സ്ഥാപിക്കാൻ നിർദേശം നൽകി. എട്ടു മാസം കഴിഞ്ഞിട്ടും നടപടിയില്ലാതെ വന്നതോടെ കോടതിയലക്ഷ്യത്തിന് ഹരജി നൽകി. എന്നാൽ, സർക്കാർ സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ഇതോടെ 2021ൽ നാട്ടുകാർ സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി നേടി.
എലമ്പ്ര പ്രദേശത്തിന്റെ മൂന്നര കിലോമീറ്റർ ചുറ്റളവിൽ നിലവിൽ സർക്കാർ സ്കൂളില്ല. മൂന്ന് അംഗൻവാടികൾ പ്രദേശത്തുണ്ട്. മഞ്ചേരി നഗരസഭയുടെയും തൃക്കലങ്ങോട് പഞ്ചായത്തിന്റെയും അതിർത്തിപ്രദേശമാണ് ഇവിടെ. ചെറുകുളം ജി.എൽ.പി സ്കൂൾ, തോട്ടുപൊയിൽ ജി.എൽ.പി സ്കൂൾ, ചെറാംകുത്ത് ജി.എൽ.പി സ്കൂൾ, വടക്കാങ്ങര എ.എം.യു.പി സ്കൂൾ എന്നിവിടങ്ങളിൽ പോയാണ് പഠിക്കുന്നത്. ഇതിൽ ചെറാംകുത്തിലെത്താൻ നാലു കിലോമീറ്ററും വടക്കാങ്ങരയിലേക്ക് അഞ്ചു കിലോമീറ്ററും സഞ്ചരിക്കണം.
സ്കൂൾ സ്ഥാപിക്കുന്നതിനായുള്ള നിയമപോരാട്ടങ്ങൾക്കായി നാട്ടുകാർ ചെലവഴിച്ചത് ലക്ഷങ്ങൾ. 11 വർഷത്തിലേറെയായി നിയമപോരാട്ടം നടത്തി. അഡ്വ. സുൽഫീക്കർ അലി സുപ്രീം കോടതിയിൽ ഹാജരായി. അഡ്വ. ത്വയ്യിബ് ഹുദവി നിയമസഹായത്തിന് പിന്തുണ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

