"അന്ന് എതിർത്ത ചാനലിനെ ഇന്ന് പിന്തുണക്കുന്നേ...": മറുപടിയുമായി എം. സ്വരാജ്; 'നിലപാട് മാധ്യമ രാഷ്ട്രീയത്തോടല്ല, ജനാധിപത്യ അവകാശത്തോട്'
text_fieldsതിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുൻപ് നടത്തിയ വിമർശനങ്ങളെ മുൻനിർത്തി സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർഷനങ്ങൾക്ക് മറുപടിയുമായി സി.പി.ഐ.എം നേതാവ് എം. സ്വരാജ്. റിപ്പോർട്ടർ ടി.വിയുടെ ന്യൂസ് ഡെസ്കിൽ പോലീസ് കയറി പ്രവർത്തനം തടസ്സപ്പെടുത്തിയതിനെ എതിർത്തതിന് പിന്നാലെയാണ് "അന്ന് എതിർത്ത ചാനലിനെ ഇന്ന് പിന്തുണയ്ക്കുന്നേ..." എന്ന തരത്തിലുള്ള പരിഹാസങ്ങൾ ഉയർന്നത്. മീഡിയാ വൺ, ഏഷ്യാനെറ്റ് എന്നീ ചാനലുകളുടെ സംപ്രേഷണാവകാശം തടഞ്ഞപ്പോഴും സമാനമായ അലമുറകൾ കേട്ടിരുന്നുവെന്ന് എം. സ്വരാജ് ഫേസ്ബുക്ക് കുറിപ്പിൽ ഓർമ്മിപ്പിച്ചു. അന്ന് അത്തരം പ്രചാരണങ്ങൾ സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നാണ് വന്നതെങ്കിൽ ഇന്ന് എല്ലാവരും ചേർന്നാണ് അലമുറയിടുന്നത് എന്നതാണ് വ്യത്യാസമെന്നും അദ്ദേഹം കുറിച്ചു.
മാധ്യമങ്ങളുടെ രാഷ്ട്രീയത്തെ തുറന്നുകാട്ടുമെന്നും നിക്ഷിപ്ത താല്പര്യങ്ങളെ എതിർക്കുമെന്നും വ്യക്തമാക്കിയ സ്വരാജ്, എന്നാൽ മാനേജ്മെന്റുകൾക്കെതിരായ കേസിന്റെ പേരിൽ ന്യൂസ് ഡെസ്കിൽ പോലീസ് കയറി പ്രവർത്തനം തടസ്സപ്പെടുത്തുന്ന നടപടികളെ എതിർക്കുക തന്നെ ചെയ്യുമെന്നും വ്യക്തമാക്കി. ചാനലുകളെ പിന്തുണയ്ക്കുന്നത് അവരുടെ രാഷ്ട്രീയത്തോടുള്ള യോജിപ്പ് കൊണ്ടല്ലെന്നും, പ്രവർത്തിക്കാനുള്ള അവകാശമുണ്ടെന്ന ബോധ്യമുള്ളത് കൊണ്ടാണെന്നും, ഇന്നലെയും ഇന്നും നാളെയും ഇതാണ് നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പഴയ ഒരു പ്രസംഗഭാഗം എടുത്ത് "അന്ന് എതിർത്ത ചാനലിനെ ഇന്ന് പിന്തുണക്കുന്നേ..... " എന്ന് കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ കുറേയേറെപ്പേർ അലമുറയിടുന്നുണ്ട്. ഇത്തരം അധിക്ഷേപങ്ങളെയൊക്കെ പൊതുവെ അവഗണിക്കാറാണ് പതിവ്. ഇത്തവണ പക്ഷേ സോഷ്യൽ മീഡിയയോടൊപ്പം അതേ നിലവാരത്തിൽ ചില ചാനലുകളുമുണ്ട് .
ഇതാദ്യമായിട്ടല്ല ഇത്തരം അലമുറകൾ കേൾക്കുന്നത്. മുമ്പൊരിക്കൽ മീഡിയാ വൺ ചാനലിൻറെ സമീപനത്തെ ശക്തമായി വിമർശിച്ചതോർക്കുന്നു. ആ സമയത്താണ് അവരുടെ സംപ്രേഷണാവകാശം തടയപ്പെട്ടത്. അക്കാര്യത്തിൽ ചാനലിനെ ശക്തമായി പിന്തുണച്ചപ്പോഴായിരുന്നു ഇതേ അലമുറയും പരിഹാസവും ഉയർന്നത്. "ഇന്നലെ എതിർത്ത ചാനലിനെ ഇന്ന് പിന്തുണക്കുന്നേ...." എന്നായിരുന്നു ആക്രോശം.
അന്ന് സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നാണ് മുറവിളി ഏറെയും കേട്ടത്. ഇന്ന് എല്ലാവരും ചേർന്നാണ് അലമുറയിടുന്നത് എന്ന വ്യത്യാസം മാത്രം. മുമ്പ് ഏഷ്യാനെറ്റിൻറെ സംപ്രേഷണം തടസപ്പെട്ടപ്പോഴും ചാനലിൻറെ സംപ്രേഷണാവകാശത്തിനു വേണ്ടി സംസാരിക്കാൻ അരനിമിഷം പോലും മടിച്ചുനിന്നിട്ടില്ല. ചാനൽ ഉടനടി മാപ്പുപറഞ്ഞ് കീഴടങ്ങിയപ്പോൾ അതിനെയും വിമർശിച്ചിരുന്നു.
മാധ്യമങ്ങളുടെ രാഷ്ട്രീയത്തെ തുറന്നുകാട്ടും. നിക്ഷിപ്ത താല്പര്യങ്ങളെ എതിർക്കും . മാനേജ്മെൻറ് നിയമവിരുദ്ധ നടപടികളിൽ ഏർപ്പെട്ടാൽ അതിനെതിരെയും ശബ്ദിക്കും. എന്നാൽ സംപ്രേഷണം തടയുകയോ ന്യൂസ് ഡസ്കിൽ പോലീസ് കയറി പ്രവർത്തനം തടസപ്പെടുത്തുകയോ ചെയ്താൽ അത്തരം നടപടികളെ അപലപിക്കാൻ മറ്റൊന്നും തടസമല്ല. അത് ഏതെങ്കിലും കുറ്റകൃത്യത്തിനുള്ള പിന്തുണയുമല്ല. കേസുകൾ നിയമത്തിൻറെ വഴിയിൽ മുന്നോട്ടു പോകുന്നുവെങ്കിൽ എതിർപ്പുമില്ല.
അന്ന്, മീഡിയാ വണ്ണിനെയും ഏഷ്യാനെറ്റിനെയും പിന്തുണച്ചത് അവരുടെ രാഷ്ട്രീയത്തോടോ നിലപാടുകളോടോ യോജിപ്പുള്ളതുകൊണ്ടല്ല. അവർക്കിവിടെ പ്രവർത്തിക്കാൻ അവകാശമുണ്ടെന്ന പൂർണ ബോധ്യമുള്ളതു കൊണ്ടാണ്. ഇപ്പോൾ റിപ്പോർട്ടർ ചാനലിൻറെ ന്യൂസ് ഡെസ്കിൽ പോലീസ് കയറി പ്രവർത്തനം തടസ്സപ്പെടുത്തിയതിനെ
എതിർക്കുന്നതിൻറെ കാരണവും അതുതന്നെ. കാട്ടിലെ മരം മുറിച്ചു കടത്തിയവരും , ഭൂമി കയ്യേറിയവരും , നികുതി വെട്ടിപ്പു നടത്തിയവരും, ബാങ്കു തട്ടിപ്പുകാരും, വഞ്ചകരുമെല്ലാം മാധ്യമങ്ങൾ നടത്തുന്ന നാടാണ് കേരളമെന്നത് മറ്റൊരു വിഷയമാണ്. അത് തുടർന്നും ചർച്ച ചെയ്യപ്പെടട്ടെ.
പക്ഷേഏതൊരു ചാനലിന്റെയും സംപ്രേഷണാവകാശം ദുരധികാരം കൊണ്ട് തടയുകയോ മാനേജ്മെൻറിനെതിരായ കേസിൻറെ പേരിൽ ന്യൂസ് ഡെസ്കിൽ പോലീസ് കയറി പ്രവർത്തനം തടസ്സപ്പെടുത്തുകയോ ചെയ്താൽ അതിനെ എതിർക്കുകതന്നെ ചെയ്യും. ഇന്നലെയും ഇന്നും നാളെയും ഇതുതന്നെയാണ് നിലപാട് .
- എം സ്വരാജ് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

