മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നത് വേദനജനകം –യൂസുഫലി
text_fieldsതിരുവനന്തപുരം: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കുന്നത് വേദനജനകമെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി. ലോക കേരള സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല ഫ്ലാറ്റ് ഉടമകളും തെൻറ ജീവനക്കാർ ഉൾപ്പെടെ പ്രവാസികളാണ്. രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് അവർ മാസ സമ്പാദ്യം ഗഡുക്കളായി നിക്ഷേപിച്ച് ഫ്ലാറ്റ് വാങ്ങിയത്. നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താൻ മുഖ്യമന്ത്രി മുൻകൈ എടുത്ത് നിയമം കൊണ്ടുവരണം. പ്രവാസികളുടെ നിക്ഷേപത്തിന് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ നടപടി തടസ്സമാവുകയാണ്.
ലോക കേരള സഭയുടെ പേരിൽ വിവാദം ഉണ്ടായത് ശരിയല്ല. സൗകര്യമുള്ള ഹാളും ഇരിപ്പിടവും ഒരുക്കിയതാണ് പ്രശ്നമായി പറയുന്നത്. ഇതിനേക്കാൾ മികച്ച കസേരയിൽ ഇരിക്കുന്നവരാണ് പ്രവാസികൾ. ഏത് രാഷ്ട്രീയ നേതാക്കൾ വന്നാലും അവർക്ക് വേണ്ട സൗകര്യം ചെയ്തുകൊടുക്കുന്നവരാണ് പ്രവാസികൾ.
അതുകൊണ്ട് പ്രവാസികളുടെ കാര്യത്തിൽ മലയാളികൾ രാഷ്ട്രീയം മറന്ന് ഒരുമിക്കണം. പ്രവാസികൾക്കിടയിൽ സാംസ്കാരിക വിനിമയം സാധ്യമാക്കാൻ ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ് മാതൃകയിൽ കേരള കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ് രൂപവത്കരിക്കണമെന്ന് കവി സച്ചിദാനന്ദൻ നിർദേശിച്ചു.
എല്ലാ പഞ്ചായത്തുകളിലും പ്രവാസി സഹകരണസംഘം രൂപവത്കരിക്കണമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ നിർദേശിച്ചു. പ്രവാസികളായിരിക്കുന്ന സമയത്ത് പ്രീമിയം സ്വീകരിക്കുകയും തിരികെ വരുേമ്പാൾ കവറേജ് നൽകുകയും ചെയ്യുന്ന രീതിയിൽ പ്രത്യേക മെഡിക്കൽ ഇൻഷുറൻസ് സ്കീം തുടങ്ങണം.
പ്രവാസികളുടെ മക്കൾക്ക് മുൻഗണന ലഭിക്കുന്ന രീതിയിൽ പ്രവാസി സർവകലാശാല തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.