മധു വധക്കേസ്: മാതാവ് ശിപാർശ ചെയ്യുന്നയാളെ പ്രോസിക്യൂട്ടറാക്കാമെന്ന് സർക്കാർ
text_fieldsകൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ മധുവിന്‍റെ മാതാവ് ശിപാർശ ചെയ്യുന്നയാളെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കുന്ന കാര്യം പരിഗണിക്കാമെന്ന് സർക്കാർ ഹൈകോടതിയിൽ. ഇതിനായി സീനിയർ അഭിഭാഷകരിലൊരാളെ ശിപാർശ ചെയ്യാം. സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മല്ലി നൽകിയ ഹരജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
തുടർന്ന് ഹരജി ആഗസ്റ്റ് 21ന് പരിഗണിക്കാൻ ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് മാറ്റി. നിലവിൽ അഡീ. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസാണ് കേസിൽ ഹാജരാകുന്നത്. വിചാരണക്കോടതിയുടെ ശിക്ഷാ വിധിക്കെതിരെ ഒന്നാംപ്രതി ഹുസൈൻ ഉൾപ്പെടെ പ്രതികൾ നൽകിയ അപ്പീലുകളും ആഗസ്റ്റ് 21ന് പരിഗണിക്കും.
അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് പ്രതികൾ മർദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 ഫെബ്രുവരി 22ന് നടന്ന സംഭവത്തിലെ 13 പ്രതികൾക്ക് വിചാരണക്കോടതി ഏഴുവർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികളുടെ അപ്പീലിനുപുറമെ ശിക്ഷ ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലും കോടതിയുടെ പരിഗണനയിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.