മാധ്യമം റിക്രിയേഷൻ ക്ലബ് വിദ്യാഭ്യാസ സ്കോളർഷിപ് വിതരണം ചെയ്തു
text_fieldsമാധ്യമം റിക്രിയേഷൻ ക്ലബ് ഏർപ്പെടുത്തിയ വിദ്യാഭ്യാസ സ്കോളർഷിപ് ഏറ്റുവാങ്ങിയ വിദ്യാർഥികൾ അതിഥികളോടൊപ്പം
കോഴിക്കോട്: മാധ്യമം റിക്രിയേഷൻ ക്ലബ് സെൻട്രൽ കമ്മിറ്റിയുടെ വിദ്യാഭ്യാസ സ്കോളർഷിപ് വിതരണച്ചടങ്ങ് എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. കേരളത്തിൽ വിദ്യാഭ്യാസനയത്തിൽ കാതലായ മാറ്റം അനിവാര്യമായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ ഭരിക്കുന്നവരുടെ നയമാണ് വിദ്യാഭ്യാസ നയമായി പരിഗണിക്കുന്നത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന നയം രൂപവത്കരിക്കാൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അത് മുന്നണിയുടെ നയമാകരുത്. കേരളത്തിലുടനീളം സഞ്ചരിച്ച് വിദ്യാർഥികളോടും രക്ഷിതാക്കളോടും സംവദിച്ച് രൂപപ്പെടുത്തേണ്ടതാണത് - എം.പി പറഞ്ഞു.
കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി മുഖ്യപ്രഭാഷണം നടത്തി. എല്ലാ ഭാഷകളും ആഴത്തിൽ സ്വായത്തമാക്കണമെന്ന് അദ്ദേഹം വിദ്യാർഥികളെ ഉണർത്തി. മക്കളെ മഹാത്മാക്കളാക്കാൻ രക്ഷിതാക്കൾ ആഗ്രഹിക്കണം. ഡോക്ടർ, എൻജിനീയർ മാത്രമല്ല അല്ലാത്ത തൊഴിൽ മേഖലകളിലേക്കും വിദ്യാർഥികൾക്ക് പ്രചോദനം നൽകണം.
എം.കെ. രാഘവൻ എം.പി, പി.കെ. ഗോപി, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, സി.ഇ.ഒ പി.എം. സ്വാലിഹ് എന്നിവർ ഉപഹാരങ്ങളും മാധ്യമം നൽകുന്ന കാഷ് അവാർഡും വിതരണം ചെയ്തു. റിക്രിയേഷൻ ക്ലബ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എം. സൂഫി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ചീഫ് റീജനൽ മാനേജർ വി.സി. സലീം മാധ്യമം ജേണലിസ്റ്റ് യൂനിയൻ സെക്രട്ടറി ടി. നിഷാദ്, മാധ്യമം എംപ്ലോയിസ് യൂനിയൻ സെക്രട്ടറി പി. സാലിഹ് കാരന്തൂർ, മാധ്യമം റിക്രിയേഷൻ ക്ലബ് കോർപറേറ്റ് യൂനിറ്റ് സെക്രട്ടറി പി.വി. അരവിന്ദൻ എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ജന. സെക്രട്ടറി പി. ഷംസുദ്ദീൻ സ്വാഗതവും ട്രഷറർ പി.സി. സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. സെക്രട്ടറി കെ.എം. നൗഷാദ്, എ. ബിജുനാഥ് എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.