കാറടുക്ക സഹകരണസംഘം തട്ടിപ്പ്: മുഖ്യപ്രതി സി.പി.എം ലോക്കൽ കമ്മിറ്റിയംഗം അടക്കം അറസ്റ്റിൽ
text_fieldsപ്രതീകാത്മക ചിത്രം
കാസർകോട്: കാറടുക്ക അഗ്രികൾച്ചറിസ്റ്റ് സഹകരണസംഘം തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും കൂട്ടാളിയും അറസ്റ്റിൽ. മുഖ്യപ്രതി സി.പി.എം മുളിയാർ ലോക്കൽ കമ്മിറ്റിയംഗം മുളിയാർ കർമംതൊടിയിലെ കെ. രതീശൻ (39), കേസിൽ മുഖ്യകണ്ണിയെന്ന് പൊലീസ് പറയുന്ന കണ്ണൂർ ഉരുവച്ചാൽ അജുവാർ ഹൗസിൽ ജബ്ബാർ (50) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ പ്രതിചേർത്തതിനെതുടർന്ന് ഒളിവിൽ പോയ ഇരുവരും തമിഴ്നാട് ഈറോഡിലെ ലോഡ്ജിൽ കഴിയുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് അറസ്റ്റിലായത്.
പ്രതികൾ ഈറോഡ് പരിസരത്തുണ്ടെന്ന വിവരം ലഭിച്ചതിനെതുടർന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം ഒരാഴ്ചയായി ഈറോഡിൽ താമസിച്ചുവരുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ ആദൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റിയിൽനിന്ന് പണയത്തട്ടിപ്പ് നടത്തിയും സ്വർണം കടത്തിയും ചട്ടവിരുദ്ധ വായ്പ നൽകിയും 4.76 കോടി രൂപയാണ് തട്ടിയത്. ഇത്രയും തുക രതീശന്റെ കൂടെ അറസ്റ്റിലായ ജബ്ബാറിനുവേണ്ടി നടത്തിയ ഇടപാടാണെന്ന് രതീശൻ പൊലീസിനോട് പറഞ്ഞു. ജബ്ബാർ വാങ്ങുന്ന സ്വത്തുവകകൾക്ക് പണം മറിച്ചുനൽകുകയാണ് രതീശൻ ചെയ്യുന്നത്. ഓരോ ഘട്ടത്തിലും പുതിയ സംരംഭങ്ങൾ ഉണ്ടാക്കുകയും അതിനായി സൊസൈറ്റിയെ ഉപയോഗിക്കുകയും ചെയ്യും. ഇതിൽ ജബ്ബാറിന് വേറെയും ഇടപാടുകൾ ഉണ്ട്. ഇക്കാര്യവും അന്വേഷണ പരിധിയിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.