നേതാക്കളും അച്ചടക്കം പാലിക്കണം - താരീഖ് അൻവർ
text_fieldsകോഴിക്കോട്: കോൺഗ്രസിൽ അച്ചടക്കം പരമപ്രധാനമാണെന്നും നേതാക്കളും അത് പാലിക്കണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ. കെ.പി.സി.സിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടക്കുന്ന ബ്ലോക്ക് പ്രസിഡന്റുമാരുടെ വടക്കൻ മേഖല കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്ത് പരാതിയുണ്ടെങ്കിലും നേതൃത്വത്തോടും ഹൈകമാൻഡിനോടും പറയാം. എല്ലാവരെയും കേൾക്കാൻ തയാറാണ്. പുനഃസംഘടനയിൽ മുതിർന്ന നേതാക്കൾക്ക് അർഹമായ സ്ഥാനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം അതിഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഭരണഘടനാമൂല്യങ്ങളെ ബി.ജെ.പി കശാപ്പുചെയ്യുകയാണ്. കൊളോണിയൽ ഭരണത്തിൽ ബ്രിട്ടീഷുകാർ നടപ്പാക്കിയതുപോലെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ബി.ജെ.പിയും മോദിസർക്കാറും ശ്രമിക്കുന്നത്. പാര്‍ട്ടിയില്‍ അടിത്തട്ട് മുതല്‍ ശക്തമാക്കേണ്ടത് അനിവാര്യമാണ്. ചരിത്രത്തെയും പൂർവികരെയും തിരസ്കരിച്ച് ആര്‍ക്കും മുന്നോട്ടുനീങ്ങാനാവില്ലെന്നും പ്രവർത്തകർ സ്വാതന്ത്ര്യസമര ചരിത്രം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ജനങ്ങളിൽനിന്ന് അകലുന്നു എന്നതാണ് കോൺഗ്രസ് നേരിടുന്ന പ്രധാന പ്രശ്നമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. നേതൃത്വവും ജനങ്ങളും തമ്മിൽ വൈകാരികബന്ധമില്ല. സർക്കാറിനെതിരെ ആളുകളുടെ മനസ്സിൽ അതിതീവ്ര വികാരമുണ്ട്. ഈ അനുകൂല കാലാവസ്ഥ മുതലാക്കാൻ കഴിയാത്തത് കോൺഗ്രസിന്റെ ദൗർബല്യമാണെന്നും സുധാകരൻ പറഞ്ഞു.
ഒരുളുപ്പുമില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അതുകൊണ്ടാണ് ഇത്രയും അഴിമതിയാരോപണം വന്നിട്ടും രാജിവെക്കാത്തത്. രാജ്യത്ത് ഇത്രയധികം അഴിമതിയാരോപണം ഉയർന്ന മുഖ്യമന്ത്രി വേറെയില്ല. പിണറായിയും മോദിയും അധികാരം ദുർവിനിയോഗം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുമാസത്തിനകം മണ്ഡലം പുനഃസംഘടന പൂർത്തിയാക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
രാവിലെ 10.30ന് കെ.പി.സി.സി പ്രസിഡന്റ് പതാക ഉയര്‍ത്തി. തുടര്‍ന്ന് നേതാക്കള്‍ രാഷ്ട്രപിതാവിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യാതിഥിയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.