മലബാർ സിമന്റ്സ് ക്രമക്കേട്: പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: മലബാർ സിമൻറ്സിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിജിലൻസ് കേസുകളിലെ പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈകോടതി. അസംസ്‌കൃത വസ്തുവായ ചുണ്ണാമ്പ് കല്ല്, ഫ്ലൈ ആഷ് വിതരണക്കരാറുമായി ബന്ധപ്പെട്ട വിജിലൻസിന്റെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ മലബാർ സിമൻറ്‌സ് മാനേജിങ് ഡയറക്ടറായിരുന്ന എം. സുന്ദരമൂർത്തി, ലീഗൽ ഓഫിസർ പ്രകാശ് ജോസഫ് എന്നിവർ നൽകിയ ഹരജിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ തള്ളിയത്. ഫ്ലൈ ആഷ് കരാറെടുത്തിരുന്ന സ്വകാര്യ കമ്പനിയായ എ.ആർ.കെ വുഡ് ആൻഡ് മെറ്റൽസ് എം.ഡി വി.എം. രാധാകൃഷ്ണൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർ വടിവേൽ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. കേസിലെ വിചാരണ നടപടികൾക്കെതിരെ നിലനിന്നിരുന്ന സ്റ്റേ പിൻവലിച്ച കോടതി മൂന്നു മാസത്തിനകം വിചാരണ പൂർത്തിയാക്കാനും ഉത്തരവിട്ടു.
ഫ്ലൈ ആഷ് വിതരണ കരാർ പ്രകാരം സ്വകാര്യ കമ്പനി 50 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി മലബാർ സിമന്റ്സിന് നൽകിയിരുന്നു. എന്നാൽ, കരാർ പിന്നീട് റദ്ദായി. കരാർ റദ്ദാകുന്ന സാഹചര്യത്തിൽ മൂന്ന് മാസത്തെ നോട്ടീസ് കാലാവധിക്ക് ശേഷം ഗ്യാരന്റി തുക തിരികെ നൽകിയാൽ മതിയെന്നാണ് വ്യവസ്ഥ. എന്നാൽ, സ്വകാര്യ കമ്പനി ഏകപക്ഷീയമായി വിതരണം നിർത്തിയ ശേഷം തുക ബാങ്കിൽ നിന്നും അനധികൃതമായി കൈപ്പറ്റി. തുക അനുവദിച്ചതിൽ പ്രതികളായ നാലുപേരുടെയും ഗൂഢാലോചനയുണ്ടെന്നാണ് വിജിലൻസ് കേസ്.
കക്ഷികൾ തമ്മിൽ തർക്കമുണ്ടായാൽ തൂത്തുക്കുടിയിലെ കോടതിയെ സമീപിക്കണമെന്ന വ്യവസ്ഥയും ലംഘിച്ചു. പകരം പാലക്കാട് ജില്ലാ കോടതിയിൽ കേസ് കൊടുത്തതും സ്വകാര്യ കമ്പനിക്ക് അനുകൂലമായെന്നായിരുന്നു വിജിലൻസിന്‍റെ വാദം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.