ശക്തമായ മഴയെന്ന് മുന്നറിയിപ്പ്; മലമ്പുഴ ഡാം തുറന്നു
text_fieldsപാലക്കാട്: കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിനെതുടർന്ന് ജലനിരപ്പ് ക്രമീകരിക്കാൻ മലമ്പുഴ ഡാം വ്യാഴാഴ്ച ഉച്ചക്ക് ശേഷം തുറന്നു. നാല് ഷട്ടറുകൾ 30 സെൻറിമീറ്റർ വീതമാണ് തുറന്നത്. കഴിഞ്ഞദിവസം രാത്രിയിൽ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് ജലനിരപ്പ് 114.03 മീറ്ററായി ഉയർന്നിരുന്നു. നിരപ്പ് രണ്ടടി താഴുന്നതുവരെ ഷട്ടറുകൾ തുറക്കുമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ എം. പത്മകുമാർ അറിയിച്ചു.
115.06 മീറ്ററാണ് ഡാമിലെ പരമാവധി ജലനിരപ്പ്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. മഴയുടെ സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗസ്റ്റ് ഒന്ന് മുതൽ തുടർച്ചയായി ഒമ്പതുദിവസം മലമ്പുഴ ഡാം ഷട്ടറുകൾ തുറന്നിരുന്നു.
ഇന്നലെ രാത്രി കനത്തമഴയുണ്ടായിരുന്നു. എന്നാൽ ഇന്ന് പകൽ മഴക്ക് കുറവുണ്ട്. എങ്കിലും ഡാമിെൻറ ജലനിരപ്പ് 114 മീറ്ററിൽ തന്നെ നിലനിർത്താനാണ് ശ്രമിക്കുന്നത്.
കഴിഞ്ഞ ആഗസ്ത് മാസം ഡാമിെൻറ നാല് ഷട്ടറുകളും തുറന്നിരുന്നു. ശേഷം സെപ്തംബർ പത്തിനായിരുന്നു ഷട്ടറുകൾ അടച്ചത്. 25 ദിവസത്തിന് ശേഷം വീണ്ടും ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ്. ജില്ലാ ഭരണകൂടം കൽപാത്തി, ഭാരതപ്പുഴ എന്നീ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഞായറാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഇന്ന് ഇടിയോടുകൂടിയ മഴക്കും സാധ്യതയുണ്ട്.
ശ്രീലങ്കക്ക് സമീപം വെള്ളിയാഴ്ച രൂപപ്പെടുന്ന ന്യൂനമർദം ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഡാമിലെ വെള്ളത്തിെൻറ നിരപ്പ് താഴ്ത്താൻ തീരുമാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.