മലങ്കര ജലാശയ ടൂറിസം പദ്ധതി; മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി
text_fieldsമന്ത്രി റോഷി അഗസ്റ്റിൻ
മൂലമറ്റം: മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ മലങ്കര ജലാശയത്തിൽ നടപ്പാക്കാൻ ആവിഷ്കരിച്ച 112 കോടിയുടെ കോളപ്ര-കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതിയിൽ അഴിമതിയെന്ന് പരാതി. മുട്ടം സ്വദേശിയും കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് വൈസ് പ്രസിഡന്റുമായ ബേബി ജോസഫ് വണ്ടനാനിയാണ് വിജിലൻസിൽ പരാതി നൽകിയത്.
സർക്കാറിന് നഷ്ടവും സ്വകാര്യ ഏജൻസിക്ക് കൊള്ള ലാഭവും ലഭിക്കത്തക്ക രീതിയിൽ പദ്ധതിയുടെ ടെൻഡർ നടപടികൾ അംഗീകരിച്ചതായി പരാതിയിൽ പറയുന്നു. ലാഭത്തിന്റെ 3 .5 ശതമാനം മാത്രം സർക്കാറിനും ബാക്കി 96 .5 ശതമാനം സ്വകാര്യ ഏജൻസിക്കും ലഭിക്കുന്ന രീതിയിലാണ് 30 വർഷ പാട്ടത്തിന് ജലാശയവും തീരങ്ങളും സ്വകാര്യ ഏജൻസിക്ക് നൽകിയത്.
പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകാതെയും വേണ്ടത്ര പ്രചാരണം നൽകാതെയും ഇഷ്ടക്കാർക്ക് ടെൻഡർ ലഭിക്കാൻ വഴിയൊരുക്കി. പ്രതി വർഷം കോടാനുകോടി രൂപ വരുമാനം ലഭിക്കുന്ന പദ്ധതിയെ സ്വകാര്യ ഏജൻസിക്ക് പൂർണമായും വിട്ടുനൽകുന്ന രീതിയിലാണ് ടെൻഡർ നടത്തിയത്. ടെൻഡർ എടുത്ത കമ്പനി വെറും കടലാസ് കമ്പനി ആണെന്നാണ് പരാതിക്കാരന്റെ ആരോപണം.
മലങ്കര ഡാമിലെ പദ്ധതിക്ക് പുറമെ പാലക്കാട് ജില്ലയിലെ കാഞ്ഞിരംപുഴ, എറണാകുളം ജില്ലയിൽ ഭൂതത്താൻകെട്ട് എന്നീ ജലാശയങ്ങളിൽ വിനോദ ഗ്രാമം പദ്ധതി, ചെറുതോണി ഡാമിൽ വാട്ടർ എക്സ്പീരിയൻസ് പാർക്ക് തുടങ്ങിയവ നടപ്പാക്കുന്നതിനും ഇതേ കമ്പനിക്ക് തന്നെ കരാർ ലഭിച്ചതായും പരാതിയിൽ പറയുന്നു. അഴിമതികളിൽ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന റോഷി അഗസ്റ്റിനും ഉദ്യോഗസ്ഥർക്കും പങ്കുള്ളതായും വിശദമായ അന്വേഷണം നടത്തണമെന്നുമാണ് പരാതിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

