മലാപ്പറമ്പ് പെൺവാണിഭം: രണ്ട് പൊലീസുകാരെ പ്രതി ചേർത്തു, സസ്പെൻഷൻ
text_fieldsകോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെതുടർന്ന് രണ്ട് പൊലീസുകാരെ കേസിൽ പ്രതി ചേർത്തു. വിജിലൻസ് വിഭാഗം ഡ്രൈവർ കെ. ഷൈജിത്ത്, കൺട്രോൾ റൂം ഡ്രൈവർ കെ. സനിത്ത് എന്നിവരെയും കെട്ടിടം വാടകക്കെടുത്ത എം.കെ. അനിമീഷിനെയും പ്രതിചേർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. അതിനിടെ പൊലീസുകാർക്ക് പെൺവാണിഭ കേന്ദ്രവുമായി ബന്ധമുള്ളതിന്റെ തെളിവുകളടക്കമുള്ള അന്വേഷണ റിപ്പോർട്ട് നടക്കാവ് ഇൻസ്പെക്ടർ പ്രജീഷ് നന്താനം സിറ്റി പൊലീസ് കമീഷണർക്ക് നൽകിയതിന് പിന്നാലെ ഇരുവരെയും സസ്പെൻഡ് ചെയ്തു.
ഈ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെടുന്ന റിപ്പോർട്ടിന്മേലാണ് സസ്പെൻഷൻ. പൊലീസുകാരെ വൈകാതെ കേസിൽ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. പൊലീസുകാർ പെൺവാണിഭകേന്ദ്രത്തിന്റെ നടത്തിപ്പിൽ പങ്കാളികളായി എന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് ഇരുവർക്കും അനധികൃത സമ്പാദ്യവും റിയൽ എസ്റ്റേറ്റ് വ്യാപാരത്തിൽ പങ്കാളിത്തവും ഉണ്ടായിരുന്നു.
വയനാട് സ്വദേശിനി ബിന്ദു ഒന്നാം പ്രതിയായ പെൺവാണിഭക്കേസിൽ ഇതോടെ 12 പ്രതികളായി. മെഡി. കോളജ് സ്റ്റേഷനിൽ നേരത്തേ ബിന്ദുവിനെതിരെ കേസ് ഉണ്ടായിരുന്നു. രണ്ടുവർഷത്തോളമായി മലാപ്പറമ്പിൽ അപ്പാർട്ട്മെന്റ് വാടകക്ക് എടുത്ത് പെൺവാണിഭകേന്ദ്രം നടത്തുകയായിരുന്നു എന്നാണ് പൊലീസ് അന്വേഷണ റിപ്പോർട്ട്. കേസിൽ 10, 12 പ്രതികളാണ് പൊലീസ് ഡ്രൈവർമാർ.
മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുവെന്ന രഹസ‍്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടക്കാവ് പൊലീസ് പരിശോധന നടത്തിയത്. വയനാട് സ്വദേശിനി ബിന്ദു (47), ഇടുക്കി സ്വദേശിനി അഭിരാമി (35), ഫറോക്ക് സ്വദേശി ഉപേഷ് (48) എന്നിവർ നടത്തിപ്പുകാരായുള്ള സംഘത്തിൽ ആറു സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടെ ഒമ്പത് പേരാണ് കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പൊലീസ് റെയ്ഡിൽ പിടിയിലായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.