കോടതി വളപ്പുകളിലെ സ്ഫോടനം: തമിഴ്നാട്ടില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
text_fieldsചെന്നൈ: കൊല്ലം, മലപ്പുറം തുടങ്ങി ദക്ഷിണേന്ത്യയിലെ അഞ്ച് കോടതി വളപ്പുകളില്‍ നടന്ന സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് യുവാക്കളെ തമിഴ്നാട്ടിലെ ചെന്നൈ, മധുര എന്നിവിടങ്ങളില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ്ചെയ്തു. മറ്റൊരാള്‍ കസ്റ്റഡിയില്‍ ഉണ്ട്. സംഘത്തിന്‍െറ തലവനും ചെന്നൈയില്‍ ഐ.ടി കമ്പനി ജീവനക്കാരനുമായ മധുര കരിംസാ പള്ളിവാസലില്‍ സുലൈമാന്‍ (23), മധുര ഇസ്മായില്‍ പുരം സ്വദേശിയും പെയ്ന്‍ററും നെല്‍പേട്ട് നഗറില്‍ ലൈബ്രറി നടത്തിപ്പുകാരനുമായ എന്‍. അബ്ബാസ് അലി (27), കെ. പുതൂറിനടുത്ത് വിശ്വനാഥ് നഗര്‍ സ്വദേശിയും കോഴിക്കട ഉടമയുമായ അബ്ദുല്‍ കരീം എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ കമ്പനിയിലെ ലെയ്സണ്‍ ഓഫിസറായ മധുര ഐലന്‍ഡ് നഗറില്‍ അയൂബ് അലി (25) യെ ചോദ്യം ചെയ്ത് വരുന്നു. ഇവരില്‍നിന്ന് മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്കുകളും കണ്ടെടുത്തു.
തമിഴ്നാട് , തെലങ്കാന പൊലീസിന്‍െറ സഹായത്തോടെ എന്‍.ഐ.എയാണ് നാലുപേരെയും പിടികൂടിയത്. കൊല്ലം, മലപ്പുറം, കര്‍ണാടകയിലെ മൈസൂര്‍, ആന്ധ്രയിലെ നെല്ലൂര്‍, ചിറ്റൂര്‍ കോടതി വളപ്പുകളിലെ സ്ഫോടനങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും അല്‍ഖാഇദ അനുഭാവ സംഘടനയായ ബേസ് മൂവ്മെന്‍റിന്‍െറ പ്രവര്‍ത്തകരാണെന്നും എന്‍.ഐ.എ പറയുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടെ ദേശീയ നേതാക്കളായ 22 പേരെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. കോടതി വളപ്പുകളില്‍ നടന്ന സ്ഫോടനങ്ങളില്‍ ബേസ് മൂവ്മെന്‍റ് എന്ന സംഘടനയെന്ന് അവകാശപ്പെടുന്ന രേഖകള്‍ മുമ്പ് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മധുര സിറ്റി പൊലീസ് നല്‍കിയ നോട്ടീസ് അവഗണിച്ചതിനെ തുടര്‍ന്ന് നാലുപേരെയും ഞായറാഴ്ച രാത്രി നേരിട്ടത്തെി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്ന മൂന്നുപേരെയും ചെന്നൈ, മധുര കോടതികളില്‍ ചൊവ്വാഴ്ച ഹാജരാക്കും. ട്രാന്‍സിറ്റ് റിമാന്‍ഡ് വാങ്ങി എന്‍.ഐ.യുടെ ബംഗളൂരു കോടതിയില്‍ ഹാജരാക്കും. പൊലീസ് കസ്റ്റഡിയില്‍ കിട്ടുന്ന മുറക്ക് മൈസൂര്‍ കോടതി വളപ്പിലെ സ്ഫോടനത്തിന്‍െറ തെളിവെടുപ്പിനായി കൊണ്ടുപോകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അറസ്റ്റ് ഡി.ജി.പി സ്ഥിരീകരിച്ചു
തിരുവനന്തപുരം: മലപ്പുറം, കൊല്ലം കലക്ടറേറ്റ് സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേര്‍ മധുരയില്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ (എന്‍.ഐ.എ) പിടിയിലായതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്ഥിരീകരിച്ചു. ഇതിന്‍െറ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രതനിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. മധുര സ്വദേശികളായ അബ്ദുല്‍ കരീം, അയ്യൂബ്, അബ്ബാസ് ഹക്കീം എന്നിവരാണ് പിടിയിലായത്. അല്‍ഖാഇദയുമായി ബന്ധമുള്ള ബേസ് മൂവ്മെന്‍റ് പ്രവര്‍ത്തകരെയാണ് പിടികൂടിയതെന്ന് എന്‍.ഐ.എ വ്യക്തമാക്കി. മൈസൂരു, നെല്ലൂര്‍ സ്ഫോടനങ്ങളുമായും ഇവര്‍ക്ക് ബന്ധമുള്ളതായാണ് വിവരം. സംഘത്തില്‍പെട്ട മൂന്നു കൂട്ടാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.