ഗിന്നസ് റെക്കോഡിലേക്ക് പന്തടിച്ച് മലപ്പുറം
text_fieldsമഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഡ്രീം ഗോൾ പെനാൽറ്റി ഷൂട്ടൗട്ടിൽ 4500ാമത്തെ കിക്ക് മന്ത്രി വി. അബ്ദുറഹ്മാൻ പായിക്കുന്നു
മഞ്ചേരി: ചരിത്രത്തിലേക്കും ഗിന്നസ് റെക്കോഡിലേക്കും പന്തടിച്ച് മലപ്പുറം. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ഡ്രീം ഗോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിൽ 4500 കിക്കുകൾ പായിച്ചാണ് കാൽപന്തിന്റെ ഹൃദയഭൂമി മറ്റൊരു സുവർണ നേട്ടംകൂടി കൈവരിച്ചത്. 12 മണിക്കൂര്‍കൊണ്ട് ഏറ്റവുമധികം പെനാല്‍റ്റി കിക്കുകള്‍ പൂര്‍ത്തിയാക്കി ലോക റെക്കോഡ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കായികവകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്.
രാവിലെ 7.38നാണ് ആദ്യ കിക്കെടുത്തത്. വൈകീട്ട് 7.38ന് അവസാന കിക്ക് വലയിലെത്തിച്ച് കായിക മന്ത്രി വി. അബ്ദുറഹ്മാൻ ജില്ലയെ ഗിന്നസ് റെക്കോഡിൽ അടയാളപ്പെടുത്തി. ഗിന്നസ് പ്രതിനിധി റിഷിനാദ് നടപടികൾ വീക്ഷിക്കാനെത്തിയിരുന്നു. എട്ടു മണിക്കൂർ പിന്നിട്ടപ്പോൾതന്നെ 3000 കിക്കുകൾ പൂർത്തിയാക്കി ലോക റെക്കോഡിനരികിൽ എത്തിയിരുന്നു. 2500 കിക്കുകളായിരുന്നു ഈ വിഭാഗത്തിൽ റെക്കോഡായി ഉണ്ടായിരുന്നത്.
ഇത് മറികടന്നാണ് മലപ്പുറം ചരിത്രത്തെ തൊട്ടത്. തെരഞ്ഞെടുക്കപ്പെട്ട സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെ 50 പേരടങ്ങുന്ന ടീമുകളായി തിരിച്ചാണ് കിക്കെടുക്കാനായി അവസരം നൽകിയത്. ഗ്രൗണ്ടില്‍ ഒരേസമയം രണ്ടു ടീമുകളും ഗാലറിയില്‍ നാലു ടീമുകളും ഷൂട്ടൗട്ടിനു സജ്ജമായിരിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.