മകൾക്ക് പുസ്തകം വാങ്ങാൻ പോകവേ സ്കൂട്ടറിൽ ബസിടിച്ച് യുവതിയും കുഞ്ഞും മരിച്ചു
text_fieldsനിലമ്പൂർ: മകൾക്ക് പുസ്തകം വാങ്ങാൻ ഭർതൃപിതാവിനൊപ്പം സ്കൂളിലേക്ക് സ്കൂട്ടറിൽ പോവുന്നതിനിടെ കർണാടക ആർ.ടി.സി ബസിടിച്ച് യുവതിയും കൈക്കുഞ്ഞും മരിച്ചു. ഭർതൃപിതാവിനും മറ്റൊരു കുഞ്ഞിനും പരിക്കേറ്റു.
വഴിക്കടവ് കാരക്കോട് കോരംകുന്നിലെ പൂഴിക്കാടൻ അൻഷാദിെൻറ ഭാര‍്യയും ആലപ്പൊയിലിലെ മുക്കത്ത് ഹനീഫ^ഷെരീഫ ദമ്പതികളുടെ മകളുമായ നിഷിദ (26), എട്ട് മാസം പ്രായമായ മകൾ നിദ ഫാത്തിമ എന്നിവരാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ച ഭർതൃപിതാവ് മുഹമ്മദലി (55), നിഷിദയുടെ മൂത്ത മകൾ അംന ഫാത്തിമ (നാലര) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
വ‍്യാഴാഴ്ച ഉച്ചക്ക് മൂന്നരയോടെ അന്തർ സംസ്ഥാനപാതയായ കെ.എൻ.ജി റോഡിൽ പാലാട് മിനി പഞ്ചായത്ത് മൈതാനത്തിന് മുന്നിലാണ് അപകടം. അടുത്ത അധ‍്യയന വർഷം സ്കൂളിൽ ചേർക്കുന്ന അംന ഫാത്തിമക്ക് പുസ്തകം വാങ്ങാൻ മുണ്ട ഗൈഡൻസ് സ്കൂളിലേക്ക് പോവുകയായിരുന്നു ഇവർ. കർണാടക ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ സൈഡ് ബോഡിയിൽ തട്ടി സ്കൂട്ടർ മറിയുകയായിരുന്നു. നിഷിദയും നിദയും ബസിനടിയിലേക്കും ഭർതൃപിതാവും അംനയും മറുഭാഗത്തേക്കും തെറിച്ചുവീണു.
നിദ സംഭവസ്ഥലത്തും നിഷിദ എടക്കരയിലെ സ്വകാര‍്യാശുപത്രിയിലും മരിച്ചു. വഴിക്കടവ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ പോസ്റ്റമോർട്ടത്തിനായി നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. സൗദിയിലുള്ള അൻഷാദും ജിദ്ദയിലുള്ള നിഷിദയുടെ പിതാവ് ഹനീഫയും വെള്ളിയാഴ്ച നാട്ടിലെത്തും. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയോടെ ആനപ്പാറ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.