അക്ഷരങ്ങളുടെ ഇരട്ടിപ്പിൽ വ്യക്തത വരുത്തും; മലയാളം ലിപി പരിഷ്കരണം ഉടൻ
text_fieldsതിരുവനന്തപുരം: ഇരട്ടിപ്പ് വരുന്ന അക്ഷരങ്ങളുടെ പ്രയോഗത്തിൽ കൂടി വ്യക്തത വരുത്തിയശേഷം മലയാളം ലിപി പരിഷ്കരണത്തിൽ അന്തിമ അംഗീകാരം ഉടൻ. പഴയലിപിയിലേക്ക് ഭാഗികമായി മാറാനുള്ള വിദഗ്ധസമിതിയുടെ നിർദേശത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഔദ്യോഗിക ഭാഷ സമിതി തത്ത്വത്തിൽ അംഗീകാരം നൽകി. ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം കൂടി തേടിയേക്കും.
ഇരട്ടിപ്പ് വരുന്ന അക്ഷരങ്ങൾ ഉപയോഗിക്കുന്ന ഏതാനും പദങ്ങൾ ലിപി പരിഷ്കരണസമിതി റിപ്പോർട്ടിലൂടെ ഔദ്യോഗിക ഭാഷ സമിതിക്ക് കൈമാറിയിരുന്നു. ലിപി പരിഷ്കരണ സമിതിയുടെ യോഗം ഒരുതവണ കൂടി ചേർന്ന് ഈ പദങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് ധാരണ. 'അധ്യാപകൻ', 'വിദ്യാർഥി', 'യുദ്ധം' തുടങ്ങിയ പദങ്ങളിൽ ഇരട്ടിപ്പ് വേണ്ട അക്ഷരങ്ങളുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തും. ഇതിനു ശേഷമായിരിക്കും അന്തിമ തീരുമാനം.
എഴുതുന്നതിനും അച്ചടിക്കും വെവ്വേറെ ലിപി ഉപയോഗിക്കുന്ന രീതി മാറ്റി എല്ലാവരും പുതിയ ഏകീകൃത ലിപി ഉപയോഗിക്കണമെന്നാണ് ലിപി പരിഷ്കരണ സമിതിയുടെ ശിപാർശ.
വാക്കുകൾക്ക് അകലമിടുന്നതിലും ചന്ദ്രകല ഉപയോഗിക്കുന്നതിലും ചിഹ്നങ്ങൾ പ്രയോഗിക്കുന്നതിലും അക്ഷരങ്ങൾ ഇരട്ടിക്കുന്നതിലും ഏകീകൃത രീതി നിർദേശിച്ചിട്ടുണ്ട്. ലിപി പരിഷ്കരണം യാഥാർഥ്യമാക്കാൻ ഫോണ്ട് പരിഷ്കരിക്കണം. അത് കമ്പ്യൂട്ടറിൽ ചേർക്കുകയും വേണം. 1971ലാണ് ഇതിനുമുമ്പ് ലിപി പരിഷ്കരിച്ചത്. പുതിയ ലിപി എന്നാണ് ഇത് അറിയപ്പെടുന്നത്. അതുവരെ ഉ, ഊ, ഋ, ര്/റ് എന്നിവയുടെ ചിഹ്നങ്ങൾ അക്ഷരങ്ങളോടുചേർത്താണ് ഉപയോഗിച്ചിരുന്നത്. പുതിയ ലിപിയിൽ ചിഹ്നങ്ങൾ വേർപെടുത്തി ഉപയോഗിച്ചു. ഇതിൽ ഉ, ഊ എന്നിവയുടെ ചിഹ്നങ്ങൾമാത്രം വേർപെടുത്തി ഉപയോഗിക്കാനും മറ്റുള്ളവ അച്ചടിക്കും എഴുത്തിനും പഴയ ലിപിയിലേതുപോലെ അക്ഷരങ്ങളോടുചേർത്ത് ഉപയോഗിക്കാനുമാണ് വിദഗ്ധസമിതി നിർദേശിച്ചത്.
പി.എസ്.സി ചോദ്യങ്ങൾ ഭാഷ പരിജ്ഞാനം അളക്കാൻ പര്യാപ്തമല്ലെന്ന്
തിരുവനന്തപുരം: മലയാള ഭാഷ പരിജ്ഞാനം പരിശോധിക്കാൻ പി.എസ്.സി ചോദ്യപേപ്പറിൽ ഉൾപ്പെടുത്തുന്ന 10 ശതമാനം ചോദ്യങ്ങൾ അതിനു പര്യാപ്തമല്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഔദ്യോഗിക ഭാഷ സമിതി യോഗത്തിൽ അഭിപ്രായമുയർന്നു. ഇക്കാര്യത്തിൽ പി.എസ്.സിയിൽനിന്ന് വ്യക്തത വരുത്താനും നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ അഭിപ്രായം കൂടി പരിഗണിക്കാനുമാണ് തീരുമാനം.
ദേശീയ വിദ്യാഭ്യാസ നയത്തിൽ നിർദേശിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് പ്രത്യേക പരിഭാഷ മിഷൻ സ്ഥാപിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. സ്കൂളുകളിൽ മലയാളം പഠിപ്പിക്കുന്നവർ മലയാള ഭാഷയിൽ പരിജ്ഞാനമുള്ളവരായിരിക്കണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.