ഹൈബ്രിഡ് കഞ്ചാവ് കടത്തിനു പിന്നിൽ മലയാളി സംഘം
text_fieldsനെടുമ്പാശ്ശേരി: മലേഷ്യ, തായ്ലൻഡ് രാജ്യങ്ങളിൽനിന്ന് ഹൈബ്രിഡ് കഞ്ചാവ് കൊണ്ടുവന്ന് ഗൾഫിലേക്ക് കടത്തുന്നതിനു പിന്നിൽ മലയാളി സംഘം. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ പിടിയിലായ സംഘം നിരവധി തവണ ഹൈബ്രിഡ് കഞ്ചാവ് ഗൾഫിലേക്ക് കടത്തിയിട്ടുണ്ട്. ആദ്യമായാണ് പിടിയിലാകുന്നത്.
കസ്റ്റംസിന്റെ പിടിയിലായ മലപ്പുറം സ്വദേശി ഷിബു അയ്യപ്പനെ ചോദ്യംചെയ്തതിൽനിന്നാണ് വിവരം ലഭിച്ചത്. റിമാൻഡിൽ കഴിയുന്ന ഇയാളെ വിശദമായി ചോദ്യംചെയ്യാൻ കസ്റ്റംസ് പ്രിവന്റിവ് വിഭാഗം കസ്റ്റഡിയിൽ ആവശ്യപ്പെടും.
ഷിബു അയ്യപ്പൻ ബാങ്കോക്കും ഗൾഫും കേന്ദ്രീകരിച്ചുള്ള ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ മുഖ്യകണ്ണിയാണെന്ന് കസ്റ്റംസ് പ്രിവന്റിവ് വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഇയാളുടെ യാത്രാവിവരങ്ങൾ സംബന്ധിച്ചും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. സ്ക്രീനിങ്ങിൽ തിരിച്ചറിയാൻ കഴിയാത്തവിധം പലഹാരപ്പൊതികൾക്കിടയിൽ അതിവിദഗ്ധമായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിച്ച് പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന കഞ്ചാവുമായി കൂട്ടികലർത്തിയാണ് യു.എ.ഇ, ഷാർജ, കുവൈത്ത് തുടങ്ങിയവിടങ്ങളിലേക്ക് അയക്കുന്നത്. അവിടത്തെ ചില മലയാളികളാണ് ഇവയുടെ കൈമാറ്റത്തിന് ഇടനിലക്കാരായി പ്രവർത്തിക്കുന്നത്. റാസൽഖൈമയിൽ ആർക്ക് കഞ്ചാവ് കൈമാറാനാണിരുന്നതെന്ന വിവരം കസ്റ്റംസ് പ്രിവന്റിവിന് ഷിബു അയ്യപ്പൻ നൽകിയിട്ടുണ്ട്.
മലേഷ്യയിലും തായ്ലൻഡിലും വിനോദ സഞ്ചാരത്തിനെത്തുന്നവരെ പ്രലോഭിപ്പിച്ച് കഞ്ചാവ് കൊടുത്തുവിടാറുണ്ട്. കസ്റ്റംസ് പരിശോധന നടത്താതിരിക്കാൻ അവർക്ക് പണം നൽകുമെന്നും ഇവരെ വിശ്വസിപ്പിക്കുകയാണ്. ഇവിടങ്ങളിൽനിന്ന് വരുന്നവരുടെ ബാഗേജുകൾ കർശനമായി പരിശോധിക്കുന്നുണ്ട്. സ്ഥിരമായി യാത്ര ചെയ്യുന്നവരുടെ ബാഗേജുകൾ ഇടക്കിടെ തുറന്ന് പരിശോധിക്കുകയും ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.