ലോക റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസില്‍ ഇന്ത്യക്ക് അഭിമാനമായി മലയാളി പെൺകുട്ടി
text_fieldsതിരുവനന്തപുരം: ഗ്രീസിലെ റോഡ്സില്‍ നടന്ന ലോക കേഡറ്റ് റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ രണ്ട് മെഡലുകള്‍ നേടി മലയാളി പെൺകുട്ടി. 18 വയസുവരെയുള്ള കുട്ടികള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ അണ്ടര്‍-10 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരത്ത് നിന്നുള്ള ദിവി ബിജേഷാണ് സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടി രാജ്യത്തിന്റെ അഭിമാനമായത്.
റാപിഡ് വിഭാഗത്തിലായിരുന്നു ദിവിയുടെ സ്വര്‍ണനേട്ടം. 11 ല്‍ 10 പോയിന്റ് നേടിയാണ് താരം സ്വര്‍ണം നേടിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യ നേടിയ ഒരേയൊരു സ്വര്‍ണം കൂടിയാണിത്. ബ്ലിറ്റ്‌സ് വിഭാഗത്തിലാണ് ദിവിയുടെ വെളളിനേട്ടം. ഒൻപത് വയസുകാരിയായ ദിവി ബിജേഷ് തന്റെ സഹോദരൻ ദേവനാഥിൽ നിന്നും അടിസ്ഥാനകാര്യങ്ങൾ പഠിച്ച് ഏഴാം വയസിലാണ് ദിവി ചെസ് കളിക്കാൻ തുടങ്ങിയത്.
ഇന്ത്യയെ പ്രതിനിധീകരിച്ചു അന്താരാഷ്ട്ര തലത്തിൽ ഒമ്പത് സ്വർണവും, അഞ്ച് വെള്ളിയും, മൂന്ന് വെങ്കലവും ദിവി നേടിയിട്ടുണ്ട്. ഇതിനോടകം വിവിധ മത്സരിങ്ങളിലായി ദിവി അറുപത്തിലധികം പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ജോർജിയയിൽ നടക്കാൻ പോകുന്ന ലോക കപ്പിൽ മത്സരിക്കുകയാണ് അടുത്ത ലക്ഷ്യം.
തിരുവനന്തപുരം കഴക്കൂട്ടത്തുള്ള അലന്‍ ഫെല്‍ഡ്മാന്‍ പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദിവി. മാസ്റ്റര്‍ ചെസ് അക്കാദമിയിലെ ശ്രീജിത്താണ് പരിശീലകന്‍. അച്ഛന്‍: ബിജേഷ്, അമ്മ: പ്രഭ, സഹോദരൻ : ദേവനാഥ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.