വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; കോലഞ്ചേരി സ്വദേശി പിടിയിൽ
text_fieldsഅജിത് ജോർജ്
എടക്കര: വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സംഘത്തിലെ ഒരാള്‍ അറസ്റ്റിൽ. എറണാകുളം കോലഞ്ചേരി ഐക്കര കടമറ്റം താഴത്തില്‍ അജിത് ജോര്‍ജാണ് (34) അറസ്റ്റിലായത്. ബംഗളൂരുവിലെ ഫ്ലാറ്റില്‍ ആഡംബര ജീവിതം നയിച്ചുവരികയായിരുന്ന ഇയാളെ പോത്തുകല്‍ പൊലീസ് ഇൻസ്പെക്ടർ കെ. ശംഭുനാഥിെൻറ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ഏറ്റുമാനൂരില്‍ ഹാറ്റ് കോര്പറേഷന് കോര്‍പറേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിയായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. സിംഗപ്പൂര്‍, മലേഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി കോടികള്‍ സംഘം തട്ടിയെടുത്തു. എരുമമുണ്ട, വെള്ളിമുറ്റം സ്വദേശികളായ മൂന്ന് യുവാക്കള്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. ആസ്ട്രേലിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഇവരില്‍നിന്ന് രണ്ടരലക്ഷം വീതമാണ് തട്ടിയെടുത്തത്.
2018ലാണ് എരുമമുണ്ട സ്വദേശികളില്‍നിന്ന് വിസക്ക് പണം വാങ്ങിയത്. തട്ടിപ്പാണെന്ന് മനസ്സിലായ യുവാക്കള്‍ 2019ല്‍ പോത്തുകല്‍ പൊലീസില്‍ പരാതി നല്കി. പത്തനംതിട്ട ജില്ലയിലെ കോയിപ്രം, ഏറ്റുമാനൂര്‍, തിരുവനന്തപുരം മണ്ണന്തല, കുറവിലങ്ങാട്, ഇടുക്കി ജില്ലയിലെ കരിങ്കുന്നം, തൊടുപ്പുഴ, ഉപ്പുതറ, വെള്ളത്തൂവല്‍, എറണാകുളം ജില്ലയിലെ കല്ലൂര്‍ക്കാട് എന്നിവിടങ്ങളില്‍ പ്രതിക്കെതിരെ നിലവില്‍ കേസുകളുണ്ട്.
തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ട ദമ്പതികള്‍ 2019ലെ പ്രളയ സമയത്ത് എരുമമുണ്ടയില്‍ വന്നിരുന്നു. നാട്ടുകാർ ചേര്‍ന്ന് ഇവരെ തടഞ്ഞെങ്കിലും പരാതികള്‍ ഇല്ലാത്തതിനാല്‍ നടപടിയെടുക്കാനായില്ല. ഇവരാണ് തട്ടിപ്പുസംഘത്തിലെ സൂത്രധാരകരെന്നാണ് പൊലീസ് പറയുന്നത്.
കോട്ടയം ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് എരുമമുണ്ട സ്വദേശികളുടെ പരാതി ലഭിക്കുന്നത്. മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത് ദാസിെൻറ നിര്‍ദേശപ്രകാരം പെരിന്തണ്‍മണ്ണ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, പോത്തുകല്‍ ഇൻസ്പെക്ടർ കെ. ശംഭുനാഥ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്. അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന ബെൻസ് കാറും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ തിങ്കളാഴ്ച നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കും. സീനിയര്‍ സി.പി.ഒമാരായ സി.എ. മുജീബ്, അബ്ദുൽ സലീം, സുരേഷ് ബാബു, സി.പി.ഒമാരായ ലിജീഷ്, കൃഷ്ണന്, സക്കീര്‍, ശ്രീകാന്ത്, എൻ.കെ. അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.