കക്കട്ടിൽ ഒരാൾക്ക് വെട്ടേറ്റു; അക്രമി എത്തിയത് മഴക്കോട്ടു കൊണ്ട് മുഖം മറച്ച്
text_fieldsവെട്ടേറ്റ ഗംഗാധരൻ ആശുപത്രിയിൽ
കക്കട്ടിൽ (കോഴിക്കോട്): കക്കട്ടിൽ ടൗണിൽ വയോധികന് വെട്ടേറ്റു. മധുകുന്ന് പുന്നൂപ്പറമ്പത്ത് ഗംഗാധരനാണ് (65) തിങ്കളാഴ്ച വൈകീട്ട് കൈവേലി റോഡിന് സമീപം നിൽക്കുമ്പോൾ കൊടുവാൾ കൊണ്ട് വെട്ടേറ്റത്. തോളിനും കാലിനും വെട്ടേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഴക്കോട്ടു കൊണ്ട് മുഖം മറച്ച് കൊടുവാൾ പൊതിഞ്ഞു കെട്ടി വന്നയാൾ പൊടുന്നനെ വെട്ടുകയായിരുന്നെന്ന് പൊലീസിനോട് പറഞ്ഞു. കുറ്റ്യാടി പൊലീസ് ഗംഗാധാരന്റെ മൊഴിയെടുത്തു. വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഗംഗാധരന്റെ ബന്ധുവിന്റെ വീട്ടിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി യോഗം നടത്തിയതുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന തർക്കങ്ങളും അടിപിടിയുമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. യോഗം നടത്തുന്നത് ഗംഗാധരനും ബി.ജെ.പി പ്രവർത്തകനായ മകൻ ലകേഷും എതിർത്തിരുന്നു.
തുടർന്ന് വാക്കേറ്റവും അടിപിടിയും ഉണ്ടായതായും മകനെതിരെ സി.പി.എമ്മുകാരുടെ പരാതി പ്രകാരം കേസെടുത്തിരുന്നതായും പൊലീസ് പറഞ്ഞു. ഗംഗാധരൻ മുമ്പ് സി.പി.എമ്മുകാരനായിരുന്നെന്നും ഇപ്പോൾ പാർട്ടിയിലില്ലെന്നും നാട്ടുകാർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.