ഇന്ധനം നിറക്കാനെത്തിയ യുവാവ് പെട്രോൾ പമ്പിൽ ബൈക്കിന് തീയിട്ടു; പ്രതി പൊലീസ് കസ്റ്റഡിയിൽ
text_fieldsചെങ്ങമനാട് (എറണാകുളം): പെട്രോൾ ബങ്കിൽ പെട്രോൾ അടിക്കാനെത്തിയ യുവാവ് സ്വന്തം ബൈക്കിന് തീയിട്ടത് പരിഭ്രാന്തി പരത്തി. പെട്രോൾ ബങ്കിലെ ജീവനക്കാരും, നാട്ടുകാരും ഉടൻ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങമനാട് ദേശം സ്വദേശി പ്രസാദിനെ (40) ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നു യുവാവ് കൃത്യം ചെയ്തത്.
ദേശീയപാതയിൽ ചെങ്ങമനാട് കോട്ടായിയിൽ ശനിയാഴ്ച രാത്രി 7.45ഓടെയാണ് സംഭവം. പെട്രോൾ ബങ്കിലെ ജീവനക്കാർ പ്രസാദിന്‍റെ മൊബൈൽ പിടിച്ചുവച്ചെന്ന് ആരോപിച്ച് തർക്കമുണ്ടായി. മൊബൈൽ അവിടെയില്ലെന്ന് ജീവനക്കാർ അറിയിച്ചിട്ടും തർക്കം തുടർന്ന യുവാവ് ബൈക്കിന്‍റെ പെട്രോൾ ടാങ്കിന്റെ അടപ്പ് തുറന്ന് തീയിടുകയായിരുന്നു. ഇയാൾ നേരത്തെ സമീപത്തെ മറ്റൊരു പമ്പിൽ നിന്ന് പെട്രോൾ അടിച്ചിരുന്നു. കയ്യിൽ പണം ഇല്ലാതിരുന്നതിനാൽ ജീവനക്കാർ ഇയാളുടെ മൊബൈൽ വാങ്ങി വച്ചതായി പറയുന്നു. എന്നാൽ മദ്യലഹരിയിൽ ബങ്ക് മാറി വന്നാണ് പ്രശ്നമുണ്ടാക്കിയത്.
ഉഗ്ര ശബ്ദത്തിൽ വൻ ഉയരത്തിൽ തീ ആളിപ്പടർന്നെങ്കിലും ജീവനക്കാരും നാട്ടുകാരും ചേർന്ന് തീ അണച്ചു. ബൈക്ക് ഭാഗികമായി കത്തിനശിച്ചു. സംഭവത്തിനിടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്തുടർന്ന് പിടികൂടി ചെങ്ങമനാട് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. മദ്യലഹരിയിലാണ് പ്രതി കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.