ലൈഫ് വീട് നിർമാണം മുടങ്ങി; സ്വന്തം ജീവൻ കൊടുത്ത് ഓമല്ലൂരിലെ ഗോപി
text_fieldsപത്തനംതിട്ട: വീടെന്ന സ്വപ്നത്തിന് സർക്കാറിന്‍റെ സാമ്പത്തിക പ്രതിസന്ധി വിലങ്ങുതടിയായതോടെ സ്വയം ജീവൻ അവസാനിപ്പിച്ച് ഓമല്ലൂർ പള്ളം ബിജുഭവനിൽ ഗോപി (70). ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച വീടിന്‍റെ നിർമാണം പാതിവഴിയിൽ നിലച്ചതോടെയാണ് ഗോപി മരണം തെരഞ്ഞെടുത്തത്. ശനിയാഴ്ച രാവിലെയാണ് ഗോപിയുടെ കത്തിക്കരിഞ്ഞ മൃതദേഹം പള്ളത്തെ ഗ്യാസ് ഏജൻസി ഗോഡൗണിന് സമീപം റോഡരികിൽ കണ്ടെത്തിയത്.
സമീപത്തുനിന്ന് മണ്ണെണ്ണ ക്യാനും തീപ്പെട്ടിയും ആത്മഹത്യക്കുറിപ്പെഴുതിയ കവറും ലഭിച്ചിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹം ബന്ധുക്കളാണ് തിരിച്ചറിഞ്ഞത്. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ശനിയാഴ്ച വൈകീട്ട് സംസ്കരിച്ചു. പത്തനംതിട്ട പൊലീസ് കേസെടുത്തിട്ടുണ്ട്.
ആത്മഹത്യക്കുറിപ്പിൽ ലൈഫ് പദ്ധതിയിൽ വീട് പൂർത്തിയാകാത്തതിന്‍റെ നിരാശ പങ്കുവെച്ചിട്ടുണ്ട്. ഭാര്യ ലീലയുടെ രോഗവും ഗോപിയെ അലട്ടിയിരുന്നു. ഹൃദയസംബന്ധമായ അസുഖമുള്ള ലീലയെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചിരുന്നത്. ലീലയുടെ ഒരു കാൽ മുറിച്ചുമാറ്റിയിരുന്നു. സംസാരശേഷിയും നഷ്ടപ്പെട്ടു.
പുന്നലത്ത്പടിയിൽ മാടക്കടയും ഒപ്പം ലോട്ടറി കച്ചവടവും നടത്തിയിരുന്ന ഗോപി വൃക്കരോഗിയായിരുന്നു. അദ്ദേഹവും ചികിത്സക്ക് പണമില്ലാതെ വിഷമിക്കുകയായിരുന്നു. ടാപ്പിങ് തൊഴിലാളിയായ മകൻ ബിജു പുനലൂരിലാണ് താമസം. ചോർന്നൊലിക്കുന്ന ഷെഡ് ശോച്യാവസ്ഥയിലായതിനാൽ വാടകക്ക് താമസിക്കുന്ന മകൾ ബിന്ദുവിന്‍റെ സംരക്ഷണയിലായിരുന്നു ഗോപിയും ലീലയും. രാത്രിയിൽ ഗോപി പഴയ വീടായിരുന്ന ഷെഡിൽ വന്നാണ് കിടന്നിരുന്നത്.
മഴക്കാലമായതിനാൽ ഷെഡിൽ വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. ഓണത്തിന് മുമ്പ് വീടുപണി പൂർത്തിയാക്കാനായില്ലെന്നും ജീവിതത്തിൽ പരാജയപ്പെട്ടെന്നും ലോട്ടറി ഫലത്തിന്റെ പകർപ്പിന്റെ പിന്നിൽ ഗോപി എഴുതിയിരുന്നു.
ലൈഫ് പദ്ധതിയിൽ അനുവദിച്ച വീട് നിർമാണം തുടങ്ങിയിട്ട് ഒരുവർഷമായി. ബെൽറ്റിന് മുകളിലെ കെട്ടുവരെയെത്തിയ ശേഷമാണ് നിലച്ചത്. വീടിന് ചുറ്റും കാടുമൂടി. രണ്ടുലക്ഷം രൂപയാണ് ലഭിച്ചത്. നാല് ലക്ഷമാണ് അനുവദിക്കുന്നത്. വാർപ്പിന് പണം കിട്ടാതെ വന്നതോടെ ഓമല്ലൂർ പഞ്ചായത്ത് ഓഫിസിൽ നിരവധി തവണ കയറിയിറങ്ങി.
ഫണ്ട് വന്നിട്ടില്ലെന്ന മറുപടിയാണ് കിട്ടിയത്. കഴിഞ്ഞ ഓണത്തിന് വീടുപണി തീർക്കണമെന്നായിരുന്നു ആഗ്രഹം. പദ്ധതിയുടെ പണം യഥാസമയം കിട്ടാതിരുന്നതുകൊണ്ട് പലരിൽനിന്നും കടംവാങ്ങി നിർമാണം തുടർന്നു. വാർപ്പിന് പണം കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് നിർമാണം നിലച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.