ബാങ്കിന്റെ ജപ്തി നടപടി; ഗൃഹനാഥൻ ജീവനൊടുക്കി
text_fieldsവൈക്കം: ബാങ്കിന്റെ ജപ്തി മുന്നറിയിപ്പിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി. വൈക്കം പുളിഞ്ചുവട് കാരേപ്പറമ്പിൽ ഗോപാലകൃഷ്ണ ചെട്ടിയാരാണ് (77) മരിച്ചത്. ചൊവാഴ്ച പുലർച്ച മൂന്നോടെ വീടിനുസമീപത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വൈക്കം ഫെഡറൽ ബാങ്ക് ശാഖയിൽനിന്ന് ഗോപാലകൃഷ്ണ ചെട്ടിയാർ 2018ൽ 10 ലക്ഷം രൂപ ഭവന വായ്പ എടുത്തിരുന്നു. എന്നാൽ, കോവിഡിനു പിന്നാലെ തിരിച്ചടവ് മുടങ്ങി. വായ്പതുക പലിശയുൾപ്പെടെ 14 ലക്ഷമായി. ചുമട്ടുതൊഴിലാളിയായിരുന്ന ഗോപാലകൃഷ്ണ ചെട്ടിയാർക്കൊപ്പം പ്രായമായ ഭാര്യയും ഭിന്നശേഷിക്കാരനായ മകളും കൂലിപ്പണിക്കാരനായ മകനുമാണുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ബാങ്ക് അധികൃതർ പൊലീസും വക്കീലുമൊക്കെയായി അടുത്ത ദിവസമെത്തുമെന്നും വീട്ടിൽനിന്ന് ഇറങ്ങണമെന്നും ഗോപാലകൃഷ്ണ ചെട്ടിയാരോട് പറഞ്ഞു. ഇതിനിടെ, രണ്ടുമാസം സാവകാശം നൽകിയാൽ തുകയിലൊരുഭാഗം അടക്കാമെന്ന് മകൻ ബാങ്ക് അധികൃതരെ അറിയിച്ചു. എന്നാൽ, ഇവർ കോട്ടയത്തെ ഹെഡ് ഓഫിസുമായി ബന്ധപ്പെടാനാണ് നിർദേശിച്ചത്. ഇതിനിടെ വീട്ടിൽനിന്ന് പുറത്തുപോയ ഗോപാലകൃഷ്ണ ചെട്ടിയാരെ പുലർച്ച മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രായമായ ഭാര്യയെയും ഭിന്നശേഷിക്കാരിയായ മകളെയും കൊണ്ട് എങ്ങോട്ടു പോകുമെന്ന മനോവിഷമത്തിലാണ് ഗോപാലകൃഷ്ണ ചെട്ടിയാർ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. സംഭവത്തിനുപിന്നാലെ, ഗോപാലകൃഷ്ണ ചെട്ടിയാരുടെ ആത്മഹത്യക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വൈക്കം ഫെഡറൽ ബാങ്ക് ശാഖയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.