യുവാവ് ബൈക്കപകടത്തിൽ മരിച്ചു; ഇടിച്ച ബസിനെ ഓടാൻ അനുവദിച്ച് പൊലീസ്
text_fieldsമുഹമ്മദ് ഹാഷിം ഇസ്മായിൽ
സുൽത്താൻ ബത്തേരി: ഊട്ടി-സുൽത്താൻ ബത്തേരി അന്തർസംസ്ഥാന പാതയിൽ പഴൂരിനടുത്ത് മുണ്ടക്കൊല്ലിയിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. യുവാവിന്റെ ബൈക്കിൽ ഇടിച്ച കെ.എസ്.ആർ.ടി.സി ബസിനെ അപ്പോൾ തന്നെ ഓടാൻ അനുവദിച്ച പൊലീസ് നടപടിയിൽ രോഷം പൂണ്ട നാട്ടുകാർ സ്റ്റേഷൻ ഉപരോധിച്ചു. പന്തല്ലൂർ നെല്ലാക്കോട്ട പാക്കണ മടക്കൽ മുഹമ്മദ് ഹാഷിം ഇസ്മായിലാണ് (32) മരിച്ചത്.
തിങ്കളാഴ്ച രാവിലെ 8.15 ഓടെയാണ് അപകടം. സുൽത്താൻ ബത്തേരിയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ബസും ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. യുവാവ് തൽക്ഷണം മരിച്ചിട്ടും സ്ഥലത്തെത്തിയ നൂൽപുഴ പൊലീസ് ബസ് കസ്റ്റഡിയിൽ എടുത്തില്ല. ബസിനെ ഓട്ടം തുടരാൻ സി.ഐ ശശിധരൻ പിള്ള അനുവദിക്കുകയായിരുന്നു. തലയിലൂടെ ടയറുകൾ കയറി യുവാവ് മരിച്ചുവെന്നറിഞ്ഞുകൊണ്ടുതന്നെ നിറയെ യാത്രക്കാരുമായി ഡ്രൈവർ ബസ് ഓടിച്ചു. ഇതോടെയാണ് നാട്ടുകാർ നൂൽപുഴ സ്റ്റേഷൻ ഉപരോധിച്ചത്. പ്രതിഷേധം കനത്തതോടെ ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുൽ ഷെരീഫ് പ്രതിഷേധക്കാരുമായി ചർച്ച നടത്തി. സി.ഐക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
പിന്നീട് ഗൂഡല്ലൂരിൽവെച്ച് കെ.എസ്.ആർ.ടി.സി ബസിനെ തമിഴ്നാട് പൊലീസിനെ കൊണ്ട് കസ്റ്റഡിയിൽ എടുപ്പിക്കുകയായിരുന്നു. ഇതോടെയാണ് പ്രതിഷേധം തണുത്തത്. സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസാണ് ബൈക്കിൽ ഇടിച്ചത്. ബത്തേരിയിലെ സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ് മുഹമ്മദ് ഹാഷിം. ഇസ്മായിലാണ് പിതാവ്. മാതാവ്: ഹബീബ. ഭാര്യ: വാഹിദ. മക്കൾ: സെയിൻ ഇസ്മായിൽ (മൂന്ന്), സിദിയാൻ (ഒമ്പതുമാസം).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.