രാത്രി പതുങ്ങിവന്ന് കാറിന് മേൽ പെട്രോളൊഴിച്ച് തീയിട്ടു; ആളിപ്പടർന്നപ്പോൾ ഓടി മറഞ്ഞു -VIDEO
text_fieldsചെങ്ങന്നൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ട യുവതിയുടെ കാറിന് അജ്ഞാതൻ പെട്രോളൊഴിച്ചു തീയിട്ടു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് പുറകുവശം നഗരസഭ 25-ാം വാർഡിൽ താമസിക്കുന്ന കോതാലിൽ പുല്ലാട്ട് രാജമ്മയുടെ വീട്ടുമുറ്റത്ത് കിടന്ന കാറാണ് കത്തിച്ചത്.
വ്യാഴാഴ്ച രാത്രി 12.30ഓടെയാണ് മുണ്ടും ഷർട്ടും ധരിച്ച്, ഒരു കൈയിൽ പെട്രോളുമായി അജ്ഞാതൻ എത്തിയത്. പിന്നാലെ കാറിന് മുകളിലൂടെ പെട്രോൾ ഒഴിച്ചു. തീപ്പെട്ടി ഉരച്ച് തീ കത്തിക്കുകയും ചെയ്തു. തീ ആളിപ്പടർന്നപ്പോൾ ഇയാൾ വന്ന വഴി ഓടി മറഞ്ഞു.
നാലുവർഷം പഴക്കമുള്ള ടോയോട്ട ഗ്ലാൻസ കാറാണ് കത്തിച്ചത്. വാഹനം പൂർണ്ണമായും നശിച്ചു. രാജമ്മയുടെ വിദേശത്തുള്ള മകൾ കവിതയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. വീട്ടിനകത്തേക്കും തീ പടർന്നു. കട്ടിൽ, മെത്ത, ദിവാൻകോട്ട് എന്നിവ കത്തി. അഗ്നിശമന രക്ഷാസേന എത്തി അണച്ചതിനാൽ വീട്ടിലേക്ക് കൂടുതൽ തീ പടരാതെ വൻ അപകടം ഒഴിവായി. ഈ സമയം നാലു വയസുള്ള അർഷിത, മിഥുൻ മോഹൻ, നിഥിൻ മോഹൻ, ലേഖ (46) രാജമ്മ (56) എന്നിവർ വീട്ടിൽ ഉണ്ടായിരുന്നു. ചെങ്ങന്നൂർ പൊലീസ് സംഭവ സ്ഥലതെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.