ഒരു മാസത്തോളം മുറിയെടുത്ത് നിരീക്ഷണം; നിറയൊഴിച്ചത് പിസ്റ്റൾ ഉപയോഗിച്ച്
text_fieldsമാനസ, രഗിൽ
https://www.madhyamam.com/kerala/manasa-murder-in-kothamangalam-830675
കണ്ണൂർ: നെല്ലിക്കുഴിയില്‍ ഡെൻറല്‍ കോളജ് വിദ്യാർഥിനിയെ വെടിവെച്ചു കൊന്നത് നാട്ടിൽവെച്ചു പരിചയമുണ്ടായിരുന്ന വ്യക്തിതന്നെ. കണ്ണൂര്‍ സ്വദേശികളായ മാനസയും രഗിലും ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെടുന്നത്. ചാറ്റ് വഴി സൗഹൃദം പുലർത്തിയ മാനസയോട് രഗിൽ പ്രണയാഭ്യർഥന നടത്തി.
യുവാവിെൻറ പ്രണയാഭ്യർഥന മാനസ നിഷേധിച്ചതാണ് കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. കണ്ണൂരില്‍വെച്ച് ഇരുവരും തമ്മില്‍ മുമ്പും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇത് പൊലീസ് സ്റ്റേഷനില്‍ വരെ എത്തുകയുമുണ്ടായി. തന്നെ രഗിൽ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് മാനസ വീട്ടുകാരെ മുെമ്പ അറിയിച്ചിരുന്നു. ഇതേ തുടർന്ന് യുവാവിനെ കണ്ണൂർ ഡിവൈ.എസ്.പി ഓഫിസിൽ വിളിച്ച് പൊലീസ് താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. ഇതിെൻറയെല്ലാം പ്രതികാരമായിരിക്കാം കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
മയ്യിൽ പൊലീസ് നാറാത്തെ വീട്ടിലെത്തിയാണ് മാനസയുടെ മരണ വിവരം കുടുംബത്തെ അറിയിച്ചത്. വിരമറിഞ്ഞ് ധർമടം പൊലീസും യുവാവിെൻറ നാട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.
കണ്ണൂർ നാറാത്ത് രണ്ടാംമൈലിലെ മാനസയുടെ
വീട്ടിൽ വിവരമറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും
രഗിൽ നാട്ടിൽ ഇൻറീരിയർ ഡിസൈൻ ജോലികൾ ചെയ്തുവരുകയായിരുന്നു. ഇരട്ടക്കൊലയിൽ ഉൾപ്പെട്ടത് കണ്ണൂർ സ്വദേശികളാണെന്നറിഞ്ഞ നാടും ഇവരുടെ ബന്ധുക്കളും അക്ഷരാർഥത്തിൽ ഞെട്ടി. ശാന്തപ്രകൃതക്കാരനായ രഗിൽ ഇത്തരമൊരു കുറ്റകൃത്യം ചെയ്തെന്ന വാർത്ത അവിശ്വസനീയമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. പൊതുവെ ഇവരുടെ കുടുംബം ആരുമായും അത്ര ഇടപഴകുന്ന സ്വഭാവക്കാരല്ലെന്നും നാട്ടുകാർ പറയുന്നു.
അതേസമയം, ഈ മാസം നാല് മുതൽ മാനസ താമസിക്കുന്ന കെട്ടിടത്തിെൻറ 100 മീറ്റർ മാത്രം അകലെ മറ്റൊരിടത്ത് മുറിയെടുത്ത് രാഖിൽ താമസിച്ചുവരുകയായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. മാനസ അറിയാതെ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്ത ഇയാൾ അവസരം നോക്കി ആരുമറിയാതെ ഹോസ്റ്റലിലെത്തി കൃത്യം നിർവഹിക്കുകയായിരുന്നെന്നാണ് നിഗമനം.
പിസ്റ്റൾ ഉപയോഗിച്ചാണ് യുവാവ് കൊല നടത്തിയത്. പിസ്റ്റൾ കണ്ണൂരിൽനിന്നാണ് സംഘടിപ്പിച്ചതെന്ന് അഭ്യൂഹവുമുണ്ട്. കൂടാതെ മൂന്നാഴ്ചയിലേറെയായി ഇയാൾ വീട്ടിൽനിന്ന് പോയതെന്നുമാണ് പൊലീസിന് ലഭിച്ച സൂചന. കൊലയിലേക്ക് നയിച്ച പെട്ടെന്നുണ്ടായ പ്രകോപനം സംബന്ധിച്ച് ഇരുവരുടെയും ബന്ധുക്കൾക്കോ അയൽവാസികൾക്കോ ഒരു അറിവുമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.