മംഗളൂരുവിലെ ആൾക്കൂട്ട ആക്രമണം: അഷ്റഫിന്റെ മരണം വിശ്വസിക്കാനാവാതെ കുടുംബം
text_fields1. അഷ്റഫ്, 2. അഷ്റഫിന്റെ മൃതദേഹം ആംബുലൻസിൽ പറപ്പൂരിലെ വീട്ടിലെത്തിക്കുന്നു
പുൽപള്ളി (വയനാട്): മംഗളൂരുവിൽ സംഘ്പരിവാർ പ്രവർത്തകരുടെ ആൾക്കൂട്ട ആക്രമണത്തിൽ അഷ്റഫ് കൊല്ലപ്പെട്ടത് ഇനിയും ഈ കുടുംബത്തിന് വിശ്വസിക്കാനായിട്ടില്ല. ഇടക്ക് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന, ഏറെ പരോപകാരിയായ അഷ്റഫിന്റെ കൊലപാതകം അവർക്ക് ഉൾക്കൊള്ളാവുന്നതിനപ്പുറമാണ്. ഒരിടത്തും സ്ഥിരമായി നിൽക്കാത്ത, കിട്ടുന്ന പണമൊക്കെ പാവപ്പെട്ടവരെ സഹായിക്കാൻ നൽകിയിരുന്ന നിഷ്കളങ്കനായിരുന്നു അഷ്റഫെന്നാണ് നാട്ടുകാരും അയൽവാസികളും പറയുന്നത്.
വയനാട്ടിലെ പുൽപള്ളിയിലാണ് അഷ്റഫിന്റെ കുടുംബം താമസിക്കുന്നത്. വർഷങ്ങൾക്കുമുമ്പ് വ്യാപാരാവശ്യാർഥം പുൽപള്ളിയിൽ സ്ഥിരതാമസമാക്കിയ മലപ്പുറം കോട്ടക്കൽ മൂച്ചിക്കാടൻ കുഞ്ഞീദ്കുട്ടിയുടെയും റുഖിയയുടെയും മകനാണ് 36കാരനായ അഷ്റഫ്. സലീന, ഹമീദ്, ബുഷ്റ, ജബ്ബാർ എന്നിവരാണ് മറ്റ് മക്കൾ. പിതാവ് കുഞ്ഞീദ്കുട്ടി വർഷങ്ങളായി പുൽപള്ളി ബസ്സ്റ്റാൻഡിൽ സ്റ്റേഷനറി കട നടത്തുകയാണ്. ഇദ്ദേഹവും ഭാര്യ റുഖിയയും പുൽപള്ളി പാലമൂലയിൽ വാടകവീട്ടിലാണ് താമസിക്കുന്നത്.
ഇടക്ക് മാത്രം പുൽപള്ളിയിലെത്തുന്ന അഷ്റഫ് നാലുമാസം മുമ്പാണ് അവസാനമായി എത്തിയത്. തുടർന്ന് കോട്ടക്കലിലേക്കാണ് പോയത്. കോട്ടക്കലിൽനിന്ന് കാണാതായിട്ട് രണ്ടുമാസത്തോളമായെന്ന് സഹോദരനായ ഹമീദ് പറയുന്നു. മാനസികാസ്വാസ്ഥ്യമുള്ളതിനാൽ ഇടക്കിടെ വീടുവിട്ടുപോകും. സ്വന്തമായി മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ല. ഏതെങ്കിലും സ്ഥലത്ത് കൂലിപ്പണിയടക്കം ചെയ്യും. കൂടെ തൊഴിലെടുക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ ഫോണിൽനിന്നാണ് വീട്ടുകാരെ വിളിച്ചിരുന്നത്. പണിയെടുത്ത് കിട്ടുന്ന പണമൊക്കെ സാമ്പത്തിക പ്രയാസമുള്ളവർക്ക് നൽകുകയായിരുന്നു പതിവ്. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതരത്തിൽ ഒരു കാര്യവും ചെയ്യുന്നയാളായിരുന്നില്ല അഷ്റഫെന്ന് ബന്ധുക്കൾ പറയുന്നു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് മകൻ മംഗളൂരുവിൽ കൊല്ലപ്പെട്ട വിവരം കുഞ്ഞീദ്കുട്ടിയും കുടുംബവും അറിയുന്നത്. പ്രവാസിയായ, നിലവിൽ നാട്ടിലുള്ള മറ്റൊരു മകനാണ് മംഗളൂരുവിലെത്തി തുടർകാര്യങ്ങൾ ചെയ്തത്. മൃതദേഹം ബുധനാഴ്ച രാവിലെ ജന്മനാടായ കോട്ടക്കലിൽ എത്തിച്ചു. കോട്ടക്കൽ ചേലക്കുണ്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.