മംഗളൂരുവിലെ ആൾക്കൂട്ടക്കൊല സംഘപരിവാർ ഭീകരതയുടെ ക്രൂരമുഖം - ഐ.എൻ.എൽ
text_fieldsഅഷറഫ്
കോഴിക്കോട്: മംഗളൂരു കുഡുപ്പൂവിൽ മലപ്പുറം പറപ്പൂർ സ്വദേശി അഷറഫിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ അതി ദാരുണമായ സംഭവം സംഘപരിവാർ ഭീകരതയുടെ ക്രൂരമുഖമാണ് തുറന്നു കാട്ടുന്നതെന്ന് ഐ.എൻ.എൽ. ഭ്രാന്ത് പിടിച്ച ജനക്കൂട്ടം ഇടിച്ചും ചവിട്ടിയും ഈ 37 കാരനെ മർദ്ദിച്ചവശനാക്കി. ആന്തരിക രക്തസ്രാവം മൂലമാണ് മരിച്ചതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് എത്ര നിഷ്ഠൂരമായാണ് കൊല നടത്തിയതെന്ന് ചൂണ്ടിക്കാട്ടുന്നു.
മാനസിക തകരാറുള്ള ഒരു ചെറുപ്പക്കാരനോട് കാണിച്ച ക്രൂരതക്ക് ന്യായീകരണമായി, അയാൾ പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് സംസ്ഥാന മന്ത്രി പോലും ആരോപിക്കുന്നത് രാജ്യം എവിടെയെത്തി നിൽക്കുന്നു എന്നതിന്റെ തെളിവാണ്. വെള്ളം കുടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണമെന്ന് പറയപ്പെടുന്നു.
എന്നാൽ ക്രിക്കറ്റ് കളിക്കിടയിൽ പാക്കിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന സംഘപരിവാർ ഭാഷ്യം കോൺഗ്രസ് മന്ത്രി ഏറ്റു പറയുന്നത് വർഗീയ ഫാസിസത്തിന്റെ കാര്യത്തിൽ നമ്മുടെ നാട് കൂട്ടപ്പിരാന്തിലാണെന്നാണ് വിളിച്ചുപറയുന്നത്. നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരിക മാത്രമല്ല ആ ഹതഭാഗ്യന്‍റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകുകയും വേണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.